ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി നരേന്ദ്ര മോദി . ഈ ചരിത്രനേട്ടത്തിൽ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പ്രത്യേക പൂജകൾ നടത്തി വാർത്തകളിൽ നിറയുകയാണ്. പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനും രാജ്യത്തിന്റെ പുരോഗതിക്കുമായി രാഘവ് ഛദ്ദ ഭക്തിപൂർവ്വം പ്രാർത്ഥനകളിലും ഹൈന്ദവ ആചാരങ്ങളിലും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2014 മെയ് 26-ന് ആദ്യമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി, തുടർച്ചയായി മൂന്നാം തവണയും ഭരണനേതൃത്വത്തിൽ എത്തിയാണ് അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ 4,399 ദിവസത്തെ തുടർച്ചയായ സേവനമാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഇതോടെ, 1952 മുതൽ 1964 വരെ തുടർച്ചയായി 4,398 ദിവസം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്.
മുൻപ് ആം ആദ്മി പാർട്ടി നേതാവായിരുന്ന രാഘവ് ഛദ്ദ, അടുത്തിടെയാണ് മറ്റ് ചില രാജ്യസഭാ എംപിമാർക്കൊപ്പം എഎപി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്. പാർട്ടി മാറിയതിന് ശേഷം ബിജെപി ക്യാമ്പിൽ അദ്ദേഹം നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളിലൊന്നായാണ് പൂജാകർമ്മം വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ ചരിത്രനേട്ടം രാജ്യത്തുടനീളമുള്ള ബിജെപി പ്രവർത്തകരും നേതാക്കളും വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. ജനാധിപത്യ ബോധത്തിന്റെയും ജനവിശ്വാസത്തിന്റെയും പ്രതീകമാണ് ഈ നേട്ടമെന്ന് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. രാജ്യമെമ്പാടും ആഘോഷങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ ബിജെപി നേതാവായ രാഘവ് ഛദ്ദയുടെ പ്രാർത്ഥനാ ദൃശ്യങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.