പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിക്ക് സംസ്ഥാന സർക്കാർ പുതിയ വീട് അനുവദിച്ച് കത്തു നൽകിയതിന് പിന്നാലെ നിലവിലുള്ള വീട് ഒഴിയേണ്ടെന്ന് ആർ.ജെ.ഡി തീരുമാനം. ഇപ്പോഴത്തെ വിലാസമായ 10 സർക്കിൾ റോഡ്, പട്ന എന്നതിൽ തുടരണമെന്നാണ് പാർട്ടി തീരുമാനം.
വിടത്തെ ലിഫ്റ്റ് ലാലു പ്രസാദിന് ആവശ്യമുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ്. അതുകൊണ്ട് ഇപ്പോൾ വീട്മാറുന്നത് ഉചിതമല്ല. തന്നെയുമല്ല, കുടുംബത്തിന്റെ സുരക്ഷ സംബന്ധിച്ചും വീട് ഒഴിയുന്നത് നല്ലതല്ല. ലാലുവിനും റാബ്റിക്കും ഒരുപോലെ സുരക്ഷ ഒരുക്കുന്നതിനുള്ള സൗകര്യം നിലവിൽ ഈ വീട്ടിലാണ് ഉള്ളത്.
ഇപ്പോഴത്തെ സർക്കാർ തീരുമാനം രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണ്. 2006 ൽ മുഖ്യമന്ത്രി എന്ന നിലയിൽ റാബ്റി ദേവിക്ക് അനുവദിച്ചതാണ് ഈ വീട്. പിന്നീട് പ്രതിപക്ഷ നേതാവ് എന്ന നിലയിലും. ഈ വീട് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ വീടായി കരുതിയാൽ എന്താണ് കുഴപ്പമെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് മംഗാനി ലാൽ മണ്ഡൽ ചോദിച്ചു.
ഇവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരെ 39 ഹർദിംഗ് റോഡിൽ തങ്ങൾക്ക് വീട് അനുവദിച്ചതായി കാട്ടി ഇന്നലെ റാബ്റി ദേവിക്ക് ബിൽഡിങ് കൺസ്ട്രക്ഷൻ വിഭാഗം ജോയന്റ് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇവർ നിലവിൽ താമസിക്കുന്ന വീട് പ്രതിപക്ഷ നേതാവിന്റെ വീടായി കണക്കാക്കിയാൽ അതാണ് ഏറ്റവും നല്ല തീരുമാനമെന്ന് പാർട്ടി വക്താവ് മൃത്യുഞ്ജയ് തിവാരി പറയുന്നു.
മറ്റൊരു വീട് അനുവദിക്കാനുള്ള അവകാശം സർക്കാറിനുണ്ട്. എന്നാൽ സർക്കാറിന് ഒരു മുൻ മുഖ്യമന്ത്രിക്ക് വീടനുവദിക്കാൻ വകുപ്പില്ലെന്ന് നേരത്തെ 2017ൽ തേജസ്വി പ്രസാദ് യാദവ് നൽകിയ പരാതിയിൽ പട്ന ഹൈകോടതി പറഞ്ഞിട്ടുണ്ടെന്ന് ജെ.ഡി.യു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറയുന്നു.
അതേസമയം വീട് അനുവദികുന്നതും അനുവദിക്കാതിരിക്കുന്നതുമൊക്കെ ഗവൺമെന്റിന്റെ അധകാര പരിധിയിലുള്ള കാര്യമാണെന്നും റാബ്റി ദേവി അവിടെ 20 വർഷമായി താമസിക്കുന്നു എന്നുള്ളത് ഒഴിയാതിരിക്കാനുള്ള കാരണമല്ലെന്നും ബി.ജെ.പി ദേശീയ വക്താവ് ഗുരുപ്രകാശ് പസ്വാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.