എം.എൽ.എമാർക്ക് ഇനി ഒരു പെൻഷൻ മാത്രം; സർക്കാറിന് 80 കോടി ലാഭമുണ്ടാക്കുന്ന നിർണായക തീരുമാനവുമായി 'ആപ്'

ചണ്ഡിഗഡ്: പഞ്ചാബിൽ മുൻ എം.എൽ.എമാർക്ക് ഇനി ഒരു പെൻഷൻ മാത്രം. മുൻ എം.എൽ.എമാരുടെ ഒന്നിലധികം പെൻഷനുകൾ റദ്ദാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ അറിയിച്ചു. പഞ്ചാബിൽ എം.എൽ.എമാർക്ക് ഓരോ കാലയളവിനും വെവ്വേറ പെൻഷനുകൾ ലഭിച്ചിരുന്നു. ഈ ആനുകൂല്യമാണ് സർക്കാർ റദ്ദാക്കിയത്.

ഇതോടെ മുൻ എം.എൽ.എമാരുടെ മാസ പെൻഷൻ 75,000 രൂപയാകും. ഒരു എം.എൽ.എ, ഒരു പെൻഷൻ പദ്ധതി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മാൻ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. ഒന്നിലധികം തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടവർ ലക്ഷങ്ങളാണ് പെൻഷനായി മാത്രം വാങ്ങുന്നത്. കൂടാതെ, എം.എൽ.എയും എം.പിയുമായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഒരേ സമയം സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ പെൻഷനും ലഭിക്കുന്നുണ്ട്.

എം.എൽ.എമാരുടെ കുടുംബ പെൻഷനും സമാനരീതിയിലാക്കി. ജനസേവനം വാഗ്ദാനം ചെയ്ത് എം.എൽ.എ ആകുന്നവർ മാസ പെൻഷനായി മൂന്നര ലക്ഷം മുതൽ നാലര ലക്ഷം വരെ വാങ്ങുന്നുണ്ടെന്ന് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ മാൻ പറയുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ സർക്കാർ ഖജനാവിന് അഞ്ചു വർഷം കൊണ്ട് 80 കോടി രൂപ ലാഭിക്കാനാകും. ഈ പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മാൻ അറിയിച്ചു.

Tags:    
News Summary - Punjab scraps ex-MLAs’ multiple pensions, looks to save Rs 80cr in 5 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.