പഞ്ചാബിലും വൈദ്യുതി പ്രതിസന്ധി രൂക്ഷം; 14 മണിക്കൂർ വരെ വൈദ്യുതി മുടക്കം
ചണ്ഡിഗഢ്: പഞ്ചാബിൽ കനത്ത വൈദ്യുതി പ്രതിസന്ധി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 മുതൽ 14 മണിക്കൂർ വരെയാണ് വൈദ്യുതി മുടക്കം. വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതും കൽക്കരി ക്ഷാമവും വൈദ്യുതി നിലയങ്ങളിലെ തകരാറുകളുമാണ് പ്രതിസന്ധിക്ക് കാരണം.
വ്യവസായ സ്ഥാപനങ്ങളെയും കർഷകരെയും സാധാരണ ഉപഭോക്താക്കളെയും പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. വൈദ്യുതി ആവശ്യകത വെള്ളിയാഴ്ച 16,619 മെഗാവാട്ട് എന്ന റെക്കോർഡ് നിലയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 12,489 മെഗാവാട്ടായിരുന്നു. അതേസമയം സംസ്ഥാനത്തെ ചില താപവൈദ്യുതി നിലയങ്ങളിലെ യൂണിറ്റുകൾ പ്രവർത്തനരഹിതമായതും കൽക്കരി ലഭ്യത കുറഞ്ഞതും വൈദ്യുതി ഉൽപാദനത്തെ ബാധിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ സ്വന്തം നിലയങ്ങളിൽനിന്ന് ഏകദേശം 4,162 മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചത്. തുടർന്ന് പുറത്തുനിന്ന് 11,747 മെഗാവാട്ട് വൈദ്യുതി വാങ്ങുകയായിരുന്നു.
വ്യവസായ മേഖലയിലാണ് വൈദ്യുതി നിയന്ത്രണം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ലുധിയാന, ജലന്ധർ, അമൃത്സർ, മൊഹാലി തുടങ്ങിയ വ്യവസായ മേഖലകളിൽ ദീർഘനേരത്തെ വൈദ്യുതി മുടക്കം ഉൽപാദനത്തെ ബാധിച്ചു. ചില വ്യവസായ സ്ഥാപനങ്ങൾക്ക് പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യവുമുണ്ടായി.
മൻസ, മോഗ ജില്ലകളിൽ വൈദ്യുതി വിതരണം ക്രമരഹിതമായതോടെ നെൽപ്പാടങ്ങളിലെ ജലസേചനം തടസ്സപ്പെട്ടു. പമ്പുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ രംഗത്തെത്തി. നെൽകൃഷിക്ക് നിർണായകമായ ഘട്ടത്തിൽ വൈദ്യുതി ലഭിക്കാത്തത് വിളയെ ബാധിക്കുമെന്ന ആശങ്കയും കർഷകർ ഉന്നയിച്ചു.
കൽക്കരി ക്ഷാമമാണ് പ്രതിസന്ധി രൂക്ഷമാക്കിയ പ്രധാന കാരണങ്ങളിലൊന്നെന്നാണ് വിവരം. പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി വിതരണവും കൽക്കരി ലഭ്യതയും സംബന്ധിച്ച് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ സ്വന്തം വൈദ്യുതി നിലയങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പഞ്ചാബ് വൈദ്യുതി മന്ത്രി തരുൺപ്രീത് സിങ് സോന്ധ് പറഞ്ഞു. പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തിന് അർഹമായ വിഹിതം ആവശ്യപ്പെട്ട് കേന്ദ്ര വൈദ്യുതി മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.