ഫലസ്തീനിൽ പട്ടിണി യുദ്ധതന്ത്രം ആക്കരുത്; സിവിലിയൻ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബ്രിക്സ് രാജ്യങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യക്ക് പ്രാമുഖ്യം ലഭിച്ച ബ്രിക്സ് രാജ്യങ്ങളുടെ ന്യൂഡൽഹി പ്രഖ്യാപനം, ഫലസ്തീനിൽ പട്ടിണി യുദ്ധ തന്ത്രമാക്കുന്നതും സാധാരണക്കാർക്കും ആരോഗ്യ കേന്ദ്രങ്ങൾ അടക്കമുള്ള സിവിലിയൻ സ്ഥാപനങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഫലസ്തീനിൽ ഭൂമിശാസ്ത്രപരമോ ജനസംഖ്യാപരമോ ആയ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതിനെ ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. ദക്ഷിണാഫ്രിക്ക തുടങ്ങിവെച്ച നിയമ നടപടികളിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനെതിരെ കൈക്കൊണ്ട ഇടക്കാല നടപടികൾ ശ്രദ്ധയിൽപ്പെടുത്തിയ ബ്രിക്സ് രാജ്യങ്ങൾ, ഗസ്സയിൽ മാനുഷിക സഹായം ഉറപ്പുവരുത്താനുള്ള ഇസ്രായേലിന്റെ നിയമപരമായ ബാധ്യത അന്താരാഷ്ട്ര കോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണെന്ന് ഓർമിപ്പിച്ചു.

2025 ഒക്ടോബറിലെ വെടിനിർത്തൽ ഉടമ്പടിക്ക് ശേഷവും ഗസ്സയിൽ അക്രമം തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സംയുക്ത പ്രസ്താവന, വെടിനിർത്തൽ നിലനിർത്തണമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ മനുഷ്യാവകാശ നിയമങ്ങളും ജീവകാരുണ്യ നിയമങ്ങളും പാലിക്കണം. പശ്ചിമേഷ്യൻ സംഘർഷത്ത തുടർന്നുണ്ടാകുന്ന ആണവ ഭീഷണിയും ബ്രിക്സ് ഉയർത്തിക്കാട്ടി.

ഫലസ്തീൻ പ്രശ്നത്തിന് അന്തർദേശീയ നിയമങ്ങൾക്ക് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ആവർത്തിക്കുന്ന പ്രസ്താവന, യു.എൻ പ്രമേയത്തിന് അനുസൃതമായി സമാധാനപരമായ നീക്കങ്ങളിലൂടെയായിരിക്കണം ഇതെന്ന് തുടർന്നു. ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിൽ, എന്നും നിലനിൽക്കുന്ന പരിഹാരമായി ഫലസ്തീനികളുടെ സ്വയം നിർണയാവകാശമടക്കമുള്ള നിയമപരമായ അവകാശങ്ങൾ നിറവേറ്റിയാൽ മാത്രമേ സമാധാനം യാഥാർത്ഥ്യമാകൂ എന്ന് ബ്രിക്സ് പ്രഖ്യാപനം ഓർമിപ്പിച്ചു. എല്ലാ അന്തർദേശീയ സംഘടനകളിലും ഫലസ്തീന് പ്രാതിനിധ്യം നൽകുകയും അവരുടെ വിഭവങ്ങളിൽ അവർക്ക് അവകാശം നൽകുകയും വേണം.

ജറൂസലമിന്റെ നിയമപരവും ചരിത്രപരവുമായ തൽസ്ഥിതി മാറ്റാനുള്ള ഏകപക്ഷീയമായ ഏതൊരു നീക്കത്തെയും തള്ളിപ്പറഞ്ഞു. ജറൂസലമിലെ എല്ലാ മതസ്ഥാനങ്ങളും വിശുദ്ധ സ്ഥലങ്ങളും സംരക്ഷിക്കണമെന്നും എല്ലാവർക്കും പ്രവേശനം നൽകിയും മതപരമായ ആചാരങ്ങൾ തടസ്സമില്ലാതെ അനുഷ്ഠിക്കാൻ അനുവദിച്ചും നഗരത്തിൻറെ വിശുദ്ധി നിലനിർത്തണമെന്നും ബ്രിക്സ് സംയുക്ത പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെട്ടു. അധിനിവേശ ഫലസ്തീൻ ഭൂപ്രദേശത്തുനിന്ന് താൽക്കാലികമോ സ്ഥിരമോ ആയ ഏതൊരു തരത്തിലുള്ള കുടിയൊഴിപ്പിക്കലും ബ്രിക്സ് അംഗരാജ്യങ്ങൾ എതിർത്തു.

Tags:    
News Summary - Do not use starvation as a war tactic in Palestine; BRICS countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.