വസ്ത്രം അനുവാദമില്ലാതെ ഉപയോഗിച്ചു; യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു
മുംബൈ: വസ്ത്രങ്ങളും മറ്റും അനുവാദമില്ലാതെ ഉപയോഗിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. മുംബൈ ഗോരേഗാവിലാണ് സംഭവം. 26കാരനായ സൂരജ് ഡോലെ എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗോരേഗാവ് വെസ്റ്റിൽ ഫുട്പാത്തിൽ താമസിക്കുന്ന സുഹൃത്ത് ബാബാസാഹേബ് എന്ന സുബോധ് വാഗ്‌മറെയ്ക്കെതിരെ പൊലീസ് കേസെടുത്തു.
സെപ്റ്റംബർ ഒമ്പതിന് രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്. സൂരജിന്റെ പിതാവ് ശങ്കർ ഡോലെ നൽകിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇരുവരും തമ്മിൽ വഴക്കിടുന്നത് കണ്ട് സുഹൃത്തായ സുധാൻഷു പാണ്ഡെ ഇടപെട്ടിരുന്നു. തന്റെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂരജ് സ്ഥിരമായി അനുവാദമില്ലാതെ ഉപയോഗിക്കാറുണ്ടെന്നും, വസ്ത്രങ്ങളടങ്ങിയ ബാഗ് കൊണ്ടുപോയിട്ട് തിരികെ നൽകിയില്ലെന്നും സുബോധ് സുഹൃത്തിനോട് പറഞ്ഞിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ സൂരജ് അസഭ്യം പറയുകയും, ഇതിൽ പ്രകോപിതനായ സുബോധ് യുവാവിനെ മർദിക്കുകയുമായിരുന്നു. റോഡരികിൽ കിടന്ന കല്ലെടുത്ത് മുഖത്തിടിച്ചതോടെ സൂരജിന് ഗുരുതരമായി പരിക്കേൽക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി. പിന്നീട് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 103(1), 115(2), 352 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
മുംബൈയിലെ തന്നെ മറ്റൊരു സംഭവത്തിൽ, പെൺസുഹൃത്തുമായി സംസാരിച്ചതിനെ ചൊല്ലി പുനെയിലെ നാരായൺ പേഠിൽനിന്ന് മത്സര പരീക്ഷാ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർ പിടിയിലായി. പ്രസാദ് സൂര്യവംശി (28) എന്ന യുവാവിനെയാണ് വ്യാഴാഴ്ച പുലർച്ച കറുത്ത സ്കോർപിയോ കാറിൽ പ്രതികൾ തട്ടിക്കൊണ്ടുപോയത്. രാത്രി 12.30 ഓടെ എമർജൻസി നമ്പറായ 112ൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം വാഹനം പിന്തുടരുകയായിരുന്നു. പിന്നീട് പുലർച്ച 1.23 ഓടെ പ്രതികളെ പിടികൂടുകയും യുവാവിനെ സുരക്ഷിതനായി രക്ഷപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.