കാലിഫോർണിയയിൽ ഇന്ത്യൻ വംശജയെ മാസങ്ങളോളം പിന്തുടർന്ന് വെടിവെച്ചു കൊന്നു: പ്രതി ജീവനൊടുക്കി

കാലിഫോർണിയ: അമേരിക്ക‍യിൽ 38കാരിയായ ഇന്ത്യൻ വംശജ വെടിയേറ്റു മരിച്ചു. പ്രതി രോഹിത് (22) പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ കാറിനുള്ളിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഇയാൾ മാസങ്ങളോളം സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നുവെന്നാണ് വിവരം. സെപ്റ്റംബർ 8 ന് സാക്രമെൻ്റോയിലെ ഒരു ഷോപ്പിങ് സെന്ററിലാണ് സംഭവം നടന്നത്.

ഡി.എച്ച്.എസ് നൽകുന്ന വിവരമനുസരിച്ച് ശാലിനി താക്കൂർ എന്ന യുവതിയുടെ കാറിനടുത്തേക്ക് രോഹിത് എത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇയാൾ പിന്തുടരുകയും തോക്കെടുത്ത് പലതവണ വെടിയുതിർക്കുകയും ചെയ്തു. വെടിയേറ്റതിനെ തുടർന്ന് ശാലിനി കുഴഞ്ഞുവീണു. ശേഷം അടുത്തുചെന്ന് തലയിലേക്ക് ഒരു തവണ കൂടി വെടിയുതിർത്ത ശേഷം രോഹിത് വാഹനത്തിൽ കടന്നുകളഞ്ഞു. ദൃക്‌സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ പിന്നീട് വാട്ട് അവന്യൂവിന് സമീപമുള്ള ഹൈവേ 50ൽ വെച്ച് രോഹിത്തിനെ കണ്ടെത്തി. പൊലീസ് ഇയാളെ തടയാൻ ശ്രമിച്ചതോടെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. പിന്നീട് ഡ്രൈവിങ് സീറ്റിൽ സ്വയം വെടിയുതിർത്ത നിലയിൽ രോഹിത്തിനെ കണ്ടെത്തുകയായിരുന്നു.

ജനുവരി മുതൽ ഇയാൾ യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. കാറിനുള്ളിൽ ആപ്പിൾ എയർടാഗ് കണ്ടെത്തിയതോടെയാണ് ശാലിനി ഇക്കാര്യം തിരിച്ചറിയുന്നത്. കാറിന്‍റെ ടയറുകൾ പഞ്ച് ചെയ്ത് കേടുവരുത്തിയ ശേഷം സഹായം വാഗ്ദാനം ചെയ്ത് ഇയാൾ ജോലിസ്ഥലത്തേക്ക് യുവതിയെ പിന്തുടരുകയും ചെയ്തു. ശാലിനിയുടെ അപ്പാർട്ട്മെന്‍റിന്‍റെ താക്കോലിന്റെ പകർപ്പ് കൈക്കലാക്കിയ രോഹിത് അവർ ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിനുള്ളിൽ കടന്നതായും അധികൃതർ ആരോപിക്കുന്നു.

മെയ് മാസത്തിൽ രോഹിത്തിനെതിരെ ശാലിനി കോടതിയിൽ നിന്ന് വിലക്ക് ഉത്തരവ് നേടിയിരുന്നു. എന്നാൽ ജൂലൈയിലും ഇയാൾ യുവതിയെ പിന്തുടർന്നതായി അധികൃതർ പറഞ്ഞു. മാർച്ച് മാസത്തിൽ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ആദ്യം ക്രിമിനൽ കേസെടുക്കാനോ വിലക്ക് ഉത്തരവ് നേടാനോ യുവതി തയാറായിരുന്നില്ല. പിന്നീട് പൊലീസിന്‍റെ നിർദ്ദേശപ്രകാരമാണ് മെയ് മാസത്തിൽ ഉത്തരവ് വാങ്ങിയത്. 

2023 ൽ അരിസോണ വഴി അമേരിക്കയിൽ പ്രവേശിച്ച രേഖകളില്ലാത്ത കുടിയേറ്റക്കാരനാണ് ഇന്ത്യക്കാരനായ രോഹിത്തെന്നും ഡിഎച്ച്.എസ് വക്താവ് അറിയിച്ചു. യു.എസ് ബോർഡർ പട്രോൾ പിടിയിലായ ഇയാളെ പിന്നീട് ജോ ബൈഡൻ ഭരണകൂടത്തിന് കീഴിൽ മോചിപ്പിക്കുകയായിരുന്നു. രോഹിത്തിന്‍റെ വിസ വിവരങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വ്യക്തമല്ല. ഷെരീഫിന്‍റെ ഓഫിസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഡോർഡാഷ് പ്രതികരിച്ചു.

Tags:    
News Summary - indian lady shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.