ന്യൂഡൽഹി: ഡൽഹിയിലെ അപ്രതീക്ഷിത തോൽവിക്ക് ശേഷം ആപ് ചെയർമാൻ അരവിന്ദ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നതായി കോൺഗ്രസ്. എം.എൽ.എയുടെ മരണത്തെ തുടർന്ന് നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ലുധിയാനയിൽ നിന്ന് കെജ്‌രിവാൾ മത്സരിച്ച് പഞ്ചാബ് സർക്കാരിൽ ചേരാനുള്ള സാധ്യതയുണ്ടെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.എൽ.എയുമായ പ്രതാപ് സിങ് ബജ്‍വ പറഞ്ഞു.
പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനം കെജ്‌രിവാൾ ലക്ഷ്യമിടുന്നുണ്ടെന്ന് പഞ്ചാബ് ബി.ജെ.പി നേതാവ് സുഭാഷ് ശർമ്മയും അവകാശപ്പെട്ടു. പഞ്ചാബിൽ എ.എ.പിയിൽ പിളർപ്പുണ്ടാകാനും സംസ്ഥാന സർക്കാരിൽ പുനഃസംഘടന ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. അതിനിടെ, രാജ്യത്ത് പാർട്ടി അധികാരത്തിലുള്ള ഏക സംസ്ഥാനമായ പഞ്ചാബിൽ ചെയർമാൻ അരവിന്ദ് കെജ്രിവാൾ പാർട്ടി എം.എൽ.എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു. ഫെബ്രുവരി 11ന് ഡൽഹിലാണ് യോഗം ചേരുക. ഇതേത്തുടർന്ന് തിങ്കളാഴ്ച നടക്കാനിരുന്ന പഞ്ചാബ് മന്ത്രിസഭാ യോഗം വീണ്ടും മാറ്റിവച്ചു. പഞ്ചാബിലെ 30 ആം ആദ്മി എം.എൽ.എമാരുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വയുടെ അവകാശവാദത്തിനു പിന്നാലെയാണ് കെജ്രിവാൾ ചൊവ്വാഴ്ച യോഗം വിളിച്ചത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആം ആദ്മി പാർട്ടിയിൽ പിളർപ്പ് ആസന്നമാണെന്നും ബജ്‌വ കൂട്ടിച്ചേർത്തു. ഇടക്കാല തെരഞ്ഞെടുപ്പിന് തയാറെടുക്കാൻ പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആം ആദ്മി പാർട്ടിയിലെ 35 എം.എൽ.എമാർ പാർട്ടി വിടാൻ തയാറാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു. പഞ്ചാബിൽ 2022ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിൽ 92 എണ്ണം നേടി ആപ് കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസ് 18 സീറ്റുകൾ നേടി, ശിരോമണി അകാലിദളിന് മൂന്ന് എം.എൽ.എമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.