ആര്യൻ ഖാനോടൊപ്പം വൈറൽ സെൽഫിയെടുത്തയാളെ കണ്ടെത്താൻ ലുക് ഔട്ട് നോട്ടീസ്

മുംബൈ: ആര്യൻ ഖാനോടൊപ്പം വൈറൽ സെൽഫിയെടുത്തയാളെ കണ്ടെത്താൻ പുനെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മയക്കുമരുന്ന്് കേസിൽ അറസ്റ്റിലായ ബോളിവുഡ് സുപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെ പുത്രൻ ആര്യൻ ഖാനോടൊപ്പം നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസിൽ വെച്ച് സെൽഫിയെടുത്ത കിരൺ ഗോസാവിയെ കണ്ടെത്താനാണ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം കിരൺ ഗോസാവിക്ക് ഇനി രാജ്യം വിട്ടുപോകാൻ കഴിയില്ലെന്നും സിറ്റി പൊലീസ് കമീഷണർ അതിതാഭ് ഗുപ്ത പറഞ്ഞു. 2018ൽ പുനെ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലും കിരൺ ഗോസാവി പ്രതിയാണ്.

ഒക്ടോബർ 2ന് ആഡംബരക്കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ കിരൺ ഗോസാവി സാക്ഷിപ്പട്ടികയിലുള്ള ആളാണ്. ആര്യൻ ഖാനുൾപ്പെട്ട കേസിൽ കിരൺ ഗോസാവിയുടെ സാന്നിധ്യം സംശയത്തിന് ഇടവരുത്തുന്നതാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് പറഞ്ഞിരുന്നു.

എന്നാൽ, എൻ.സി.ബി അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ആളോ ജോലിക്കാരനോ അല്ല ഗോസാവിയെന്ന് എൻ.സി.ബി വ്യക്തമാക്കി. അതേസമയം, 2018 മെയ് 19ന് പുനെ നഗരപരിധിയിലുള്ള ഫറസ്ഖാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.

ജോലി നൽകാനോ പണം തിരികെ നൽകാനോ ഇയാൾ ഇതുവരെ തയാറായിട്ടില്ല. ഈ കേസിൽ ഗോസാവിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന് പൂനെ പൊലീസ് പറഞ്ഞു. 

Tags:    
News Summary - Pune Police issues lookout notice for man in viral selfie with Aryan Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.