പുണെ: ഇന്ത്യൻ വ്യോമസേനയുടെ (ഐ.എ.എഫ്) യുദ്ധവിമാനം ഹാർഡ് ലാൻഡിങ് നടത്തിയതിനെ തുടർന്ന് പുണെ വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു. വെള്ളിയാഴ്ച രാത്രിയാണ് വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.
ഇന്ത്യൻ വ്യോമസേനയുടെ വിമാനവുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ തുടർന്ന് പുണെയിലെ റൺവേ താൽക്കാലികമായി അടച്ചിട്ടു. വിമാന ജീവനക്കാർ സുരക്ഷിതരാണ്. മറ്റു നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. റൺവേ പ്രവർത്തനക്ഷമമാക്കാനും സാധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് -വ്യോമസേന അറിയിച്ചു.
ലാൻഡിങ്ങിൽ വിമാനത്തിന്റെ അണ്ടർകാരേജിൽ തകരാർ സംഭവിച്ചിരിക്കാമെന്നും ഇതാണ് റൺവേ തടസ്സപ്പെടാൻ കാരണമായതെന്നും വിമാനത്താവള, പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച രാത്രി 10.25 ഓടെയാണ് സംഭവം നടന്നതെന്ന് പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാന ഗതാഗതം ഉടൻ നിർത്തിവച്ചു. റൺവേ വൃത്തിയാക്കാനും സാധാരണ വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനും ഏകദേശം നാല് മുതൽ ആറ് മണിക്കൂർ വരെ എടുക്കുമെന്ന് എയർഫോഴ്സ് എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
പുണെ വിമാനത്താവളത്തിൽനിന്നുള്ള സർവിസ് ഷെഡ്യൂളുകളെ ഇത് ബാധിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും റൺവേ എത്രയും വേഗം വൃത്തിയാക്കാനും സാധാരണ പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ പുനരാരംഭിക്കാനും അധികാരികൾ സൂക്ഷ്മമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവള അധികൃതരുടെയും വ്യോമസേനാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് റൺവേ പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.
പൂണെ വിമാനത്താവളത്തിന്റെ റൺവേ താൽക്കാലികമായി അടച്ചതിനെത്തുടർന്ന് നഗരത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന് വിമാനക്കമ്പനിയായ ഇൻഡിഗോ മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർലൈൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.