പുൽവാമ: വെളിപ്പെടുത്തലിൽ മോദി സർക്കാർ മറുപടി പറയണമെന്ന് സി.പി.എം

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തലിൽ മോദി സർക്കാർ മറുപടി പറയണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സത്യപാൽ മലിക് ഉയർത്തുന്നത് ഗൗരവമുള്ള ആരോപണങ്ങളാണ്. ഈ വിഷയത്തിൽ സർക്കാർ മൗനം ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചെന്നായിരുന്നു സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ. വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും ദി വയറിനു നൽകിയ അഭിമുഖത്തിൽ സത്യപാൽ മാലിക് വെളിപ്പെടുത്തി.

ഇത്, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാൻ തയാറാവത്തതിൽ ദുരൂഹതയുണ്ട്. പുൽവാമ ആക്രമണം നടക്കുന്ന സമയത്ത് ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ ഗൗരവമുളളതാണ്. എന്നാൽ, കേന്ദ്രം മൗനം തുടരുകയാണ്. 

പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. ജവാന്മാരെ കൊണ്ടുപോകാൻ സി.ആർ.പി.എഫ് വിമാനം ആവശ്യപ്പെട്ടു. പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു. ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് വ്യക്തമാക്കി.

2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സി.ആർ.പി.എഫ്‌ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 40 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.

Tags:    
News Summary - pulwama attack: CPM wants Modi government to respond to revelations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.