ഹൈദരാബാദ്: ഓൾഡ് സിറ്റിയിൽ ബി.ജെ.പി മുൻ എം.എൽ.എ ടി. രാജാ സിങ്ങിന്‍റെ നേതൃത്വത്തിൽ നടന്ന രാമനവമി ശോഭായാത്രയിൽ മുസ്‌ലിം വിരുദ്ധ പ്രകോപനങ്ങളും വിദ്വേഷ പ്രസംഗങ്ങളും. വെള്ളിയാഴ്ച നടന്ന പ്രകടനത്തിലുടനീളം പരസ്യമായി വാളുകൾ വീശുകയും മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന ഗാനങ്ങൾ ഉച്ചഭാഷിണികളിലൂടെ മുഴക്കുകയും ചെയ്തു. ‘ഹിന്ദുസ്ഥാനെ ഹിന്ദു രാഷ്ട്രമാക്കും, ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ ദൗത്യം പൂർത്തിയാക്കും’ തുടങ്ങിയ വരികളുള്ള ഗാനങ്ങൾക്കൊപ്പം കാവി പതാകകളേന്തിയ സംഘം ആയുധങ്ങളുമായി ചുവടുവെച്ചു.
എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയെ വ്യക്തിപരമായി അധിക്ഷേപിച്ച രാജാ സിങ്, മുഗൾ ചക്രവർത്തിമാർക്കും നൈസാമിനും തങ്ങളെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഉവൈസിക്ക് 15 തലമുറ സമയം നൽകിയാലും ഒന്നും ചെയ്യാനാവില്ലെന്നും പരിഹസിച്ചു. തന്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച അദ്ദേഹം, മകനെ വേദിയിൽ വിളിച്ചുവരുത്തി വൈകാരിക പ്രകടനം നടത്തി. തനിക്ക് ശേഷം മകൻ ഹിന്ദുത്വക്ക് വേണ്ടി പോരാടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്ത യാത്രയുടെ സുരക്ഷക്കായി 1,500 ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് യാത്ര കടന്നുപോയ വഴികളിലെ പള്ളികളും ദർഗകളും ഭരണകൂടം തുണികൊണ്ട് മറച്ചു. സിതാരാംബാഗ് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ഏഴ് കിലോമീറ്റർ പിന്നിട്ട് ഹനുമാൻ വ്യായാമശാലയിൽ അവസാനിച്ച യാത്രയിൽ ഹൈദരാബാദ് പൊലീസ് കമീഷണർ വി.സി. സജ്ജനാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് നിരീക്ഷണം നടത്തിയിരുന്നെങ്കിലും, പരസ്യമായ ആയുധപ്രദർശനത്തിനോ വിദ്വേഷ പ്രസംഗങ്ങൾക്കോ എതിരെ നടപടിയെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.