representational image

കർഷകർ ഹോട്ടൽ വളഞ്ഞു; ബി.ജെ.പി നേതാക്കളെ പൊലീസ്​ പുറത്തെത്തിച്ചത്​ പിൻവാതിൽ വഴി

ഭാഗ്‌വാര: പഞ്ചാബിലെ ഹോട്ടലില്‍ മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിക്കെത്തിയ ബി.ജെ.പി നേതാക്കളെ കര്‍ഷകർ തടഞ്ഞതിനെത്തുടർന്ന്​ പൊലീസ്​ പുറത്ത്​ കടത്തിയത്​ പിൻവാതിലിലൂടെ. ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി ഒത്തുകൂടിയ ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകർ ബി.ജെ.പി നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു​.

നേതാക്കളെയും പ്രവര്‍ത്തകരെയും പുറത്തേക്ക് വിടില്ലെന്ന് അറിയിച്ച കർഷകർ പരിപാടിക്കെത്തിയ ബി.ജെ.പി മഹിള നേതാവ്​ ഭാരതി ശർമയടക്കമുള്ള നേതാക്കളെ അകത്തേക്ക്​ കടത്തിവിടാനും അനുവദിച്ചില്ല.

തുടര്‍ന്ന് ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ ഓരോരുത്തരെയായി പൊലീസ് പിൻവാതിലിലൂടെ പുറത്ത്​ കടത്തുകയായിരുന്നു. ബി.ജെ.പി ജില്ലാ, ബോക്ക് പ്രസിഡന്‍റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്​, മുന്‍ മേയര്‍ അരുണ്‍ ഖോസ്‌ല എന്നിവരാണ്​ ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്​.

അതേസമയം ഹോട്ടല്‍ ഉടമ ബി.ജെ.പിക്കാരനാണെന്നും കാലി-കോഴിത്തീറ്റകൾ വിൽപന നടത്തുന്ന ഇയാളുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുമെന്നും കർഷകർ അറിയിച്ചു. കർഷകർക്കെതിരെ ഗൂഡാലോചന നടത്താനായാണ്​ ഇവർ ഹോട്ടലിൽ ഒരുമിച്ച്​ കൂടിയതെന്ന് കർഷക​ സംഘടന നേതാവ്​ കിര്‍പാല്‍ സിങ്​ മുസ്സാപൂര്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഫഗ്​വാര സ്വദേശിയായ കേന്ദ്രമന്ത്രി സോംപ്രകാശിനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് കര്‍ഷകര്‍ ഹോട്ടലിനു മുന്നില്‍ പ്രതിഷേധം നടത്തിയത്. ഹോട്ടലിന്​ മുന്നിൽ സംഘടനയുടെ കൊടി നാട്ടിയ പ്രവർത്തകർ ​ഇത്​ നീക്കം ചെയ്യുകയോ ഭാവിയിൽ ബി.ജെ.പി പരിപാടികൾ നടത്തുകയോ ചെയ്​താൽ വീണ്ടും സമരങ്ങൾ സംഘടിപ്പിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകിയാണ്​ പിൻവാങ്ങിയത്​.

Tags:    
News Summary - Protesting Farmers Picket Hotel in Punjab BJP Leaders Escape Via Backdoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.