കാലിഫോർണിയ: ആർ.എസ്.എസിന്റെ അന്താരാഷ്ട്ര ഘടകമായ ഹിന്ദു സ്വയംസേവക് സംഘിനെതിരെ(എച്ച്.എസ്.എസ്) അമേരിക്കയിൽ പ്രതിഷേധം. കാലിഫോർണിയ മാന്റീക്കയിലെ നഗരസഭ കൗൺസിൽ യോഗത്തോടനുബന്ധിച്ചായിരുന്നു പ്രതിഷേധം. ആർ.എസ്.എസിനെ അമേരിക്കയിൽനിന്ന് പുറത്താക്കുക, ആർ.എസ്.എസിനെയും എച്ച്.എസ്.എസിനെയും ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് നൂറോളം പേർ പ്രതിഷേധം സംഘടിപ്പിച്ചത്.
ജനുവരിയിൽ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ എച്ച്.എസ്.എസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരടക്കം രംഗത്തെത്തിയത്. അമേരിക്കയിൽ ആർ.എസ്.എസും എച്ച്.എസ്.എസും നടത്തുന്ന പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സിഖ് വംശജരും മുസ്‍ലിംകളുമടക്കം നിരവധി ഇന്ത്യക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു. എഴുത്തുകാരനും അധ്യാപകനുമായ പീറ്റര്‍ ഫ്രഡറിക് ആണ് പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
അമേരിക്കയിൽ ഹിന്ദുത്വ പ്രചാരണത്തിനായി മോദി സർക്കാരും ആർ.എസ്.എസ് അനുബന്ധ സംഘടനകളും നടത്തുന്ന ആസൂത്രിത നീക്കങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മാസങ്ങൾക്ക് മുമ്പ് ഗവേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 'ഹിന്ദു നാഷനലിസ്റ്റ് ഇൻഫ്ലുവൻസ് ഇൻ ദ യുനൈറ്റഡ് സ്റ്റേറ്റ്സ്' എന്ന പേരിൽ ഗവേഷകയായ ജസ മാച്ചറാണ് വിശദമായ പഠനം തയാറാക്കിയത്. എച്ച്.എസ്.എസ് അടക്കമുള്ള വിവിധ ആർ.എസ്.എസ് അനുബന്ധ ചാരിറ്റബിൾ സംഘങ്ങളുടെ നേതൃത്വത്തിൽ അമേരിക്കയിൽ ഹിന്ദുത്വ പ്രചാരണത്തിനായി രണ്ട് പതിറ്റാണ്ടിനിടെ ആയിരത്തിലേറെ കോടിയാണ് ചെലവിട്ടതെന്ന് ഇതിൽ പറയുന്നു.
അമേരിക്കയിലടക്കം ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിനായി 1,231.6 കോടി രൂപയാണ് 2001-2019 കാലയളവിൽ വിവിധ സംഘ്പരിവാർ അനുബന്ധ ചാരിറ്റബിൾ സംഘങ്ങൾ ചെലവിട്ടത്. ഈ തുകയുടെ വലിയൊരു ശതമാനം ഇന്ത്യയിലെ സംഘ്പരിവാർ സംഘടനകൾക്ക് ലഭിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആർ.എസ്.എസിന്റെ അന്താരാഷ്ട്ര ഘടകമായ ഹിന്ദു സ്വയംസേവക് സംഘിന് യു.എസിൽ 32 സംസ്ഥാനങ്ങളിലും 166 നഗരങ്ങളിലുമായി 222 ശാഖകളുണ്ട്. ഈ ശാഖകളെല്ലാം സജീവമായ പ്രവർത്തനമാണ് അമേരിക്കയിൽ നടത്തുന്നതെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.