അമിത് ഭട്‌നാഗർ ഐസിയുവിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ വിവാദമായ കെൻ-ബെത്വ നദീസംയോജന പദ്ധതിക്കെതിരെ ആദിവാസികളും കർഷകരും നടത്തിവരുന്ന പ്രതിഷേധം കൂടുതൽ നിർണായക വഴിതിരിവിലേക്ക്. സമരത്തിന് നേതൃത്വം നൽകുന്ന പ്രമുഖ ആക്ടിവിസ്റ്റ് അമിത് ഭട്‌നാഗറുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പദ്ധതിക്കെതിരെ അദ്ദേഹം നടത്തിവരുന്ന നിരാഹാര സമരം 19 ദിവസങ്ങൾ പിന്നിടുമ്പോഴാണ്.
പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നാണ് അമിത് ഭട്‌നാഗറുടെ പ്രധാന ആരോപണം. കെൻ-ബെത്വ പദ്ധതിയുമായി ബന്ധപ്പെട്ട് നാലൂറു കോടിയോളം രൂപയുടെ അഴിമതി നടന്നതായി അദ്ദേഹം തുറന്നുകാട്ടുന്നു. ജലശക്തി മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 44,605 കോടി രൂപ ചെലവ് വരുന്നതാണ് നദീസംയോജന പദ്ധതി. എന്നാൽ ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളാണ് സ്വന്തം വീടുകളിൽ നിന്നും ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നത്. കൂടാതെ, പരമ്പരാഗത കൃഷിയിടങ്ങളും ലക്ഷക്കണക്കിന് മരങ്ങളുള്ള വനമേഖലകളും എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും സമരക്കാർ ചൂണ്ടിക്കാണിക്കുന്നു.
പദ്ധതിക്കെതിരെ വിവിധ ഘട്ടങ്ങളിലായി ശക്തമായ പ്രതിഷേധ പരിപാടികളാണ് ആദിവാസികളുടെയും കർഷകരുടെയും നേതൃത്വത്തിൽ അരങ്ങേറിയത്. ജലസത്യാഗ്രഹം, ചിതാ സത്യാഗ്രഹം അടക്കമുള്ള വ്യത്യസ്തമായ സമരമാർഗ്ഗങ്ങളിലൂടെയാണ് ഇവർ തങ്ങളുടെ എതിർപ്പ് സർക്കാരിനെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 19-ന് പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് സേന രംഗത്തിറങ്ങിയെങ്കിലും, സമരക്കാർ പിന്മാറാൻ തയ്യാറായില്ല. ഇതിന്റെ ഭാഗമായി ആദിവാസികൾ തങ്ങളുടെ വീടുകളിൽ അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യാതെ, നിരാഹാര സമരത്തിലൂടെ ശക്തമായ ഐക്യദാർഢ്യം തുടരുകയാണ്.
അതേസമയം, സമരം ശക്തമാകുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഭരണകൂടത്തിന്റെ തീരുമാനം. പുനരധിവാസ പ്രവർത്തനങ്ങൾ വളരെ കൃത്യമായും സുതാര്യമായും നടക്കുന്നുണ്ടെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ സർക്കാരിന്റെ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുകയാണ് സമരസമിതി.
പ്രശസ്തമായ പന്ന കടുവാ സങ്കേതത്തിന് ഈ പദ്ധതി ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നുണ്ട്. വന്യജീവികളുടെ ആവാസവ്യവസ്ഥയെയും പ്രദേശത്തെ ജൈവവൈവിധ്യത്തെയും ഇത് തകർത്തെറിയും. അതിനാൽ, പരിസ്ഥിതിക്കും ജനങ്ങളുടെ ജീവിതത്തിനും ഭീഷണിയായ കെൻ-ബെത്വ പദ്ധതി പൂർണ്ണമായി പിൻവലിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. അമിത് ഭട്‌നാഗറുടെ ആരോഗ്യനില വഷളായ വിവരമറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ ആദിവാസികളും കർഷകരും സമരമുഖത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ സമരം കൂടുതൽ തീവ്രമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.