പരീക്ഷ അഴിമതിക്കെതിരെയുള്ള പ്രക്ഷോഭം: 'സി.ജെ.പി' സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ കുടുംബം താമസം മാറി

മുംബൈ: രാഷ്ട്രീയ നീക്കങ്ങൾ ആശങ്കയുണ്ടാക്കിയതിനെത്തുടർന്ന് ‘കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കൾ താമസം മാറി. യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ ഇരിക്കെയാണ് സുരക്ഷാ ആശങ്കയും കനത്ത ജനശ്രദ്ധയും ഭയന്ന് മാതാപിതാക്കൾ മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലുള്ള വീടുവിട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയത്.

തങ്ങൾക്ക് നേരിട്ട് സുരക്ഷാ ഭീഷണികളൊന്നും ഉണ്ടായിട്ടില്ലെന്ന് അഭിജീതിന്റെ പിതാവ് ഭഗവാൻ റാവു ദിപ്‌കെ വ്യക്തമാക്കി. അഭിജീതിന്റെ മാതാപിതാക്കളായ ഭഗവാൻ റാവു ദിപ്‌കെയും അനിത ദിപ്‌കെയും മകന്റെ രാഷ്ട്രീയ പ്രവേശനത്തിൽ തീർത്തും അസ്വസ്ഥരാണ്. തങ്ങൾക്ക് നേരിട്ട് സുരക്ഷാ ഭീഷണികളൊന്നും നിലവിലില്ലെന്നും എന്നാൽ ഒരു മകനെ ഓർത്ത് മാതാപിതാക്കൾക്ക് ഉണ്ടാകുന്ന സ്വാഭാവിക ആശങ്ക മാത്രമാണ് ഇതെന്നും പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. 

എന്നാൽ, ഒരു കല്യാണത്തിൽ പങ്കെടുക്കാൻ കുടുംബം അകോലയിലേക്ക് പോയതാണെന്നാണ് പ്രാദേശിക പൊലീസ് പറയുന്നത്. മുൻകരുതൽ എന്ന നിലയിൽ ഇവരുടെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

നീറ്റ്, സി.ബി.എസ്.ഇ, സി.യു.ഇ.ടി പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി വിമാനത്താവളം മുതൽ ജന്തർ മന്തർ വരെ യുവജന മാർച്ച് നടത്തുമെന്ന് അഭിജീത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിമാനമിറങ്ങുന്ന ഉടൻ തന്നെ അഭിജീതിനെ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് കുടുംബവും സുഹൃത്തുക്കളും ഭയപ്പെടുന്നുണ്ട്. എന്നാൽ, ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ അറസ്റ്റ് വരിക്കാൻ താൻ തയ്യാറാണെന്ന് അഭിജീത് യു.എസിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളും പരീക്ഷാ ചോർച്ചകളും ഉയർത്തിക്കാട്ടി ഒരു പരിഹാസ രൂപേണ തുടങ്ങിയ ഈ ഡിജിറ്റൽ കൂട്ടായ്മ പിന്നീട് വലിയൊരു രാഷ്ട്രീയ സമ്മർദ്ദ ഗ്രൂപ്പായി മാറുകയായിരുന്നു. ഇതിനിടയിൽ ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കപ്പെടുകയും ഹാക്കിംഗ് ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കും നടൻ പ്രകാശ് രാജും ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.2 കോടിയിലധികം ഫോളോവേഴ്സ് ഉള്ള സി.ജെ.പി, നിലവിൽ ഭരണകക്ഷിയായ ബി.ജെ.പി-യുടെ ഒഫീഷ്യൽ പേജിനേക്കാൾ മുന്നിലാണ്. 

Tags:    
News Summary - Protest against exam corruption: 'CJP' founder Abhijit Dipke's family shifts residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.