മുംബൈ: മഹാരാഷ്ട്രയിൽ ഹിന്ദു പൂജാരിമാരാകാൻ സർക്കാർ അംഗീകരിച്ച സർട്ടിഫിക്കറ്റ് കോഴ്‌സിന് നിർദേശം. ഉന്നതവിദ്യാഭ്യാസ, നൈപുണിവികസന വകുപ്പിനു മുൻപിൽ. ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി കോഴ്സുകളിലൂടെ വേദപഠനം നടത്തിയവർക്ക് പൂജാരിമാരായി സർട്ടിഫിക്കറ്റ് നൽകാനാണ് നീക്കം. പരശുറാം ഫിനാൻഷ്യൽ ഡിവലപ്മെന്റ് കോർപ്പറേഷനാണിതിന് നേതൃത്വം നൽകുന്നത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപാണീ കോർപ്പറേഷൻ സർക്കാർ രൂപവൽകരിച്ചത്. ബ്രാഹ്മണസമുദായത്തിന്റെ ഉന്നമനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് പൂജാരിമാരെ ജോലിയിൽ പ്രഫഷണലിസം കൊണ്ടുവരാൻ സഹായിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.
പുണെ സാവിത്രിഭായ് ഫുലെ സർവകലാശാല അടുത്തിടെ ടെംപിൾ മാനേജ്മെന്റ് കോഴ്സ് പാഠ്യപദ്ധതിയിലാണിത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ അംഗീകൃത പൂജാരിമാരാകാൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കണമെന്നുള്ള നിർദേശം സമർപ്പിച്ചതെന്ന് പരശുറാം ഫിനാൻഷ്യൽ ഡിവലപ്മെന്റ് കോർപ്പറേഷൻ പ്രസിഡന്റ് ആശിഷ് ദാമ്‌ലെ പറയുന്നു.
കൂടാതെ, അവർക്ക് ബാങ്ക് വായ്പ പോലുള്ള സഹായങ്ങൾ ലഭിക്കാൻ സഹായിക്കുമെന്നും ആശിഷ് ദാമ്‌ലെ കൂട്ടിച്ചേർത്തു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി പോലുള്ള സർവകലാശാലകളിൽ സമാനമായ കോഴ്‌സുകൾ ഇപ്പോൾ ലഭ്യമാണ്. സംസ്ഥാന ബജറ്റിൽ 300 കോടി രൂപ കോർപ്പറേഷന് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശിഷ് ദാമ്‌ലെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.