എൻ. ചന്ദ്രബാബു നായിഡു

അമരാവതിക്ക് നിയമപരിരക്ഷ നൽകുന്നതോടൊപ്പം കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങൾ വിലക്കണം; കേന്ദ്രത്തിന് മുന്നിൽ ആവശ്യങ്ങൾ നിരത്തി ടി.ഡി.പി

ന്യൂഡൽഹി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിന് സ്ഥിരമായ നിയമപരിരക്ഷ നൽകണമെന്ന ആവശ്യവുമായി തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) രംഗത്ത്. എൻ.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ടി.ഡി.പി, ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് ശക്തമായ ആവിശ്യം ഉന്നയിച്ചത്. ഇതോടൊപ്പം 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന മറ്റൊരു നിർദ്ദേശവും പാർട്ടി മുന്നോട്ടുവെച്ചു.

ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വിഷയത്തിൽ മുൻപ് വൈ.എസ്.ആർ.സി.പി സർക്കാർ കൊണ്ടുവന്ന 'മൂന്ന് തലസ്ഥാനം' (വിശാഖപട്ടണം, അമരാവതി, കുർണൂൽ) എന്ന പദ്ധതി വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഭാവിയിൽ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായാലും അമരാവതിയുടെ പദവിക്ക് മാറ്റം വരാത്ത രീതിയിലുള്ള ഒരു നിയമനിർമ്മാണം വേണമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി ആവശ്യപ്പെടുന്നത്.

അമരാവതിക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്നത് വഴി നിക്ഷേപകർക്കും ഭൂമി വിട്ടുനൽകിയ കർഷകർക്കും കൂടുതൽ സുരക്ഷ നൽകാൻ സാധിക്കുമെന്ന് പാർട്ടി വിശ്വസിക്കുന്നു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിക്കാൻ ടി.ഡി.പി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ഉന്നയിച്ചിരുന്നു.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി 16 വയസ്സിന് താഴെയുള്ളവർക്ക് സാമൂഹിക മാധ്യമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നതാണ് പാർട്ടിയുടെ രണ്ടാമത്തെ പ്രധാന ആവശ്യം. ഇതിനായി ഓസ്‌ട്രേലിയൻ മാതൃകയിലുള്ള സമാനമായ നിയന്ത്രണങ്ങൾ ഇന്ത്യയിലും വേണമെന്ന് ടി.ഡി.പി എം.പി ലാവു ശ്രീകൃഷ്ണ ദേവരാലു ആവശ്യപ്പെട്ടു. കുട്ടികൾ സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യാൻ പാകപ്പെട്ടവരല്ലെന്നും ശക്തമായ നിയമനിർമ്മാണം ആവശ്യമാണെന്നും സംസ്ഥാന ഐ.ടി മന്ത്രി നര ലോകേഷ്, ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വ്യക്തമാക്കിയിരുന്നു. പ്രായം പരിശോധിക്കുന്നതിനും മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ നയം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത്തരമൊരു നിരോധനം രാജ്യത്ത് നടപ്പാക്കുന്നതിൽ സങ്കീർണതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) (എ) പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യവും, ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശവും സംരക്ഷിച്ചുകൊണ്ടുള്ള നിയമമായിരിക്കണം പാർലമെന്റ് പാസാക്കേണ്ടത്. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ രാജ്യത്ത് കൊണ്ടുവരാൻ സാധിക്കുകയുള്ളു എന്നും വിദഗ്ധർ പറഞ്ഞു.

Tags:    
News Summary - TDP demands Centre to ban social media for children, along with providing legal protection to Amaravati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.