പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്‍റെ മരണത്തിന് കാരണമായ വിമാനം മുൻപും അപകടത്തിൽപ്പെട്ടിരുന്നതായി റിപ്പോർട്ട്. 2023 സെപ്റ്റംബറിൽ മുംബൈ വിമാനത്താവളത്തിൽ, ശക്തമായ മഴയിൽ ഇറങ്ങാൻ ശ്രിക്കവെ ഇതേ വിമാനം റൺവെയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടിരുന്നു.
അപകടത്തെ തുടർന്ന് തീപിടിച്ച വിമാനത്തിൽ നിന്നും യാത്രക്കാരെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമായിരുന്നില്ല. പൈലറ്റ് ഉൾപ്പെടെ നിസാര പരിക്കേറ്റവർ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആശുപത്രി വിട്ടു.
അജിത് പവാറും സംഘവും പൈലറ്റും ഉൾപ്പെടെ അഞ്ച് പേരാണ് ബുധനാഴ്ച്ചയുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. വി.എസ്.ആർ ഗ്രൂപ്പിന്‍റെ ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച്ച രാവിലെ എട്ട് മണിക്ക് മുംബൈയിൽ നിന്നും പുറപ്പെട്ട ചെറുവിമാനം ബാരാമതി വിമാനത്താവളത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്ന് വീഴുകയായിരുന്നു. ഉടനെ വിമാനം കത്തിയമരുകയായിരുന്നു.
കാലാവസ്ഥ മോശമായതിനെ തുടർന്ന് പൈലറ്റിന് കാഴ്ച്ച നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് വി.എസ്.ആർ ഏവിയേഷന്‍റെ ക്യാപ്റ്റൻ വി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഈ നിമിഷത്തിൽ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.