മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ദേശീയ നേതാക്കൾ. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിച്ച നേതാവാണ് അജിത് പവാർ. താഴെത്തട്ടിലുള്ള മനുഷ്യരുമായി അദ്ദേഹം വലിയ ബന്ധം സൂക്ഷിച്ചിരുന്നു. വിശ്രമമില്ലാതെ ജോലി ചെയ്ത നേതാവാണ് അജിത് പവാറെന്നും മോദി എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.
അജിത് പവാറും സഹയാത്രികരും വിമാനദുരന്തത്തിൽമരിച്ചുവെന്ന വാർത്ത വേദനയുണ്ടാക്കുന്നതാണെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ദുഃഖത്തിനൊപ്പം ചേരുന്നു. അജിത് പവാറിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അജിത് പവാറിന്റെ മരണം ഞെട്ടലുണ്ടാക്കുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമ്മുവും പറഞ്ഞു. മഹാരാഷ്ട്ര വികസനത്തിന് വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. സഹകരണ മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ അജിത് പവാർ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. 66കാരനായ അജിത് പവാറിനെ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ 8.45ഓടെ അടിയന്തര ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.