പനാജി: അതിവേഗം കരുക്കൾ നീക്കിയിരുന്നുവെങ്കിൽ 2012ൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് എളുപ്പമായിരുന്നു. എന്നാൽ, ഹൈക്കമാൻഡ് പ്രതിനിധികളുടെ അമാന്തം അവസരം നഷ്ടപ്പെടുത്തി. ഇൗ അപമാനത്തിന് കാരണക്കാർ ഡൽഹിയിൽനിന്ന് എത്തിയവരാണെന്നാണ് വിശ്വജീത് റാണെ അടക്കമുള്ള കോൺഗ്രസ് എം.എൽ.എമാരുടെ ആരോപണം. വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ട ഗതികേടുണ്ടാക്കിയത് ദിഗ്വിജയ് സിങ് തന്നെയാണെന്ന് വിശ്വജീത് റാണെ തുറന്നടിച്ചു.
അധികാരം തിരിച്ചുപിടിക്കാനായില്ലെങ്കിൽ കോൺഗ്രസ് പിളരുമെന്ന സൂചനയാണ് ലഭിക്കുന്നത്. കോൺഗ്രസിന് ഇനി ഭാവിയില്ലെന്നും വിശ്വജീത് റാണെ നിയമസഭാ കക്ഷിയോഗത്തിൽ തന്നെ തുറന്നടിച്ചു. 13 ഒാളം എം.എൽ.എമാർക്ക് സമാന ചിന്തയാണുള്ളതെന്നും പാർട്ടിയിൽനിന്ന് പുറത്തുപോകാൻ ഏഴോളം എം.എൽ.എമാർ സമ്മർദം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിയും കഴിഞ്ഞ സർക്കാറിലെ പ്രതിപക്ഷ നേതാവുമായ പ്രതാപ് സിങ് റാണെയുടെ മകനാണ് വിശ്വജീത്. പാർട്ടിവിടാതെ മടിച്ചു നിൽക്കുന്നത് സോണിയ ഗാന്ധിയുമായുള്ള അടുപ്പംകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ വരുത്തിയ താമസമാണ് കോൺഗ്രസിന് പ്രതികൂലമായത്. ലൂയിസിഞ്ഞൊ ഫലേരിയൊ ഒഴികെ ആരെ നിയമസഭാ കക്ഷി നേതാവാക്കിയാലും പിന്തുണക്കുമെന്നായിരുന്നു ഗോവ ഫോർവേഡ് പാർട്ടി അറിയിച്ചത്. ബി.ജെ.പിയുടെ വർഗീയ അജണ്ടക്ക് എതിരെ വോട്ട് നേടിയ പാർട്ടിയാണിത്. എന്നാൽ, ഇവരുടെ പിന്തുണ സമയോചിതമായി ഉറപ്പുവരുത്തുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടു. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങൾക്കിടെ നിരീക്ഷകനായി എത്തിയ കെ.സി. വേണുഗോപാലും ദിഗ്വിജയ സിങ്ങും തമ്മിലെ ആശയവിനിമയം ‘ഒൗേട്ടാഫ് റീച്ചിൽ’ പലകുറി തടസ്സപ്പെട്ടതും രോഷാകൂലരായ എം.എൽ.എമാർ ചൂണ്ടിക്കാട്ടുന്നു. പുതിയ പാർട്ടിയുണ്ടാക്കണമെന്നും മൂന്നിൽ ഒന്ന് ഭൂരിപക്ഷമില്ലെങ്കിൽ രാജിവെച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ് എം.എൽ.എമാർ ആവശ്യപ്പെടുന്നതെന്നും വിശ്വജീത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.