1.അജിത് പവാർ, 2.അപകടത്തിൽപ്പെട്ട വിമാനം

ബാരാമതി വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ സംസ്കാരം ഇന്ന്

മുംബൈ: ബാരാമതി വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ (66) സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. രാവിലെ പവാറിന്റെ കത്തേവാഡിയിലെ വീട്ടിൽ ഒരുമണിക്കൂർ പൊതുദർശനമുണ്ടാകും. തുടർന്ന് ഇവിടെനിന്നും വിലാപയാത്രയായി സംസ്കാര ചടങ്ങുകൾ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിൽ എത്തിക്കും. രാവിലെ 11നാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. മുംബൈ-ബാരാമതി യാത്രക്കിടെ ഇന്നലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെടുന്നതും സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, അറ്റൻഡന്റ് പിങ്കി മാലി, പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂർ, സഹപൈലറ്റ് ശംഭവി പതക് എന്നിവർ കൊല്ലപ്പെട്ടതും.

ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി ബാരാമതിയിലേക്ക് പുറപ്പെട്ട ലിയർജെറ്റ് 45 എന്ന വിമാനമാണ് ലാൻഡിങ്ങിനിടെ 100 അടി മുകളിൽ വെച്ച് പെട്ടന്ന് താഴേക്ക് പതിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മോശം കാഴ്ചപരിധിയെക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. പിന്നീട്ട് ഈ റിപ്പോർട്ട് ഔദ്യോഗികമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സ്ഥിരീകരിച്ചു. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ റൺവേ കൃത്യമായി കാണാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡി.ജി.സി.എ വ്യക്തമാക്കിയത്. ആദ്യ തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴും റൺവേ കൃത്യമായി കണ്ടിരുന്നില്ല.

തുടർന്ന് വീണ്ടും ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തിൽപ്പെടുന്നതിന് മുമ്പ് മെയ് ഡേ കോൾ വന്നിട്ടില്ലെന്നും ഡി.ജി.സി.എ വ്യക്തമാക്കി. അപകടസ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറൻസിക് സംഘം സ്ഥലത്തെത്തി പ്രധാന തെളിവുകൾ ശേഖരിച്ചിരുന്നു. ഇതിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും.

അതേസമയം അപകടത്തിൽ ദുരൂഹതയില്ലെന്ന് എൻ.സി.പി-എസ്‌.സി.പി അധ്യക്ഷൻ ശരത് പവാർ പറഞ്ഞു. ‘ഇതൊരു അപകടമാണ്, ഇതിൽ രാഷ്ട്രീയമില്ല. ചിലർ സംഭവത്തിന് രാഷ്ട്രീയ നിറം നൽകാൻ ശ്രമിക്കുകയാണ്. കുടുംബത്തിനും മഹാരാഷ്ട്ര ജനതക്കും ഇത് വലിയ ദുഃഖമാണ് ഉണ്ടാക്കിയത്. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു’ -ശരദ് പവാർ വ്യക്തമാക്കി. കത്തിയമർന്ന വിമാനത്തിന്റെ പരിസരത്ത് നിന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. അദ്ദേഹം എപ്പോവും ധരിക്കാറുണ്ടായിരുന്ന വാച്ചാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - Funeral of Maharashtra Deputy Chief Minister and NCP leader Ajit Pawar, who died in the Baramati plane crash, today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.