മുംബൈ: രണ്ടുപതിറ്റാണ്ടിനിടെ മഹാരാഷ്ട്രയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്ന അഞ്ചാമത്തെ പ്രബല നേതാവാണ് അജിത്. കോൺഗ്രസ് നേതാവ് പവൻ രാജെ നിമ്പാൽക്കർ, ബി.ജെ.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രമോദ് മഹാജൻ, മഹാരാഷ്ട്ര മുൻ ബി.ജെ.പി ഉപമുഖ്യമന്ത്രി ഗോപിനാഥ് മുണ്ടെ, ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന ശിവ് സംഗ്രാം അധ്യക്ഷൻ വിനായക് മീട്ടെ എന്നിവരാണ് ദുരൂഹത ബാക്കിവെച്ച് മൺമറഞ്ഞ പ്രമുഖർ.
2006 ഏപ്രിൽ 22ന് ഫ്ലാറ്റിൽവെച്ച് പ്രമോദ് മഹാജനെ ഇളയ സഹോദരൻ പ്രവീൺ മഹാജൻ വെടിവെക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന മഹാജൻ 2006 മേയ് മൂന്നിന് മരണത്തിന് കീഴടങ്ങി. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പ്രവീൺ, പരോളിലായിരിക്കെ 2010 ൽ പക്ഷാഘാതത്തെ തുടർന്ന് മരിച്ചു. സാമ്പത്തിക ഇടപാടാണ് ആരോപിക്കപ്പെട്ടതെങ്കിലും ദുരൂഹത ബാക്കിനിൽക്കുന്നു. മഹാജന്റെ സഹോദരീഭർത്താവായ ഗോപിനാഥ് മുണ്ടെ 2014 ജൂൺ മൂന്നിന് ഡൽഹിയിൽ കാറപകടത്തിലാണ് കൊല്ലപ്പെട്ടത്. നരേന്ദ്ര മോദി സർക്കാറിൽ മന്ത്രിയായി ചുമതലയേറ്റശേഷം നാട്ടിലേക്ക് മടങ്ങാൻ രാവിലെ വിമാനത്താവളത്തിലേക്ക് പോകുംവഴിയാണ് അപകടം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിമറി അറിയുന്നതുകൊണ്ടാണ് കൊലപാതകമെന്ന് ആരോപണം ഉയർന്നിരുന്നു.
2006 ജൂണിലാണ് കോൺഗ്രസ് നേതാവായ പവൻരാജെ നിമ്പാൽക്കർ കാറപകടത്തിൽ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വളർച്ചയിൽ അസൂയപൂണ്ട് ബന്ധുവും എൻ.സി.പി നേതാവുമായിരുന്ന പദംസിങ് പാട്ടീൽ ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണക്കുകയും അവരുടെ പിന്തുണയിൽ പിന്നീട് നിയമസഭ കൗൺസിൽ അംഗമാവുകയും ചെയ്ത വിനായക് മീട്ടെയും 2022 ആഗസ്റ്റിൽ മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതാണ്.
ന്യൂഡൽഹി: രാജ്യത്ത് വിമാനാപകടങ്ങളിൽ സമീപകാലത്ത് മരിച്ചത് മൂന്ന് ഉന്നതർ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണമാണ് പട്ടികയിൽ ഒടുവിലത്തേത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് രൂപാണി ആണ് അജിത് പവാറിന് മുൻപ് മരിച്ച മറ്റൊരു പ്രമുഖൻ. 2025 ജൂൺ 12ന് അഹ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ ബോയിങ് 787 യാത്രാ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നുവീണാണ് രൂപാണിയുടെ മരണം. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു.
സൈനിക ഹെലികോപ്ടർ തകർന്നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് മരിക്കുന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ 2021ൽ തമിഴ്‌നാട്ടിലെ കൂനൂരിനടുത്ത് വെച്ച് തകർന്നു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മധുളികയും മറ്റ് 12 പേരും ഈ അപകടത്തിൽ മരിച്ചു.
ആകാശദുരന്തത്തിൽ ഇന്ത്യക്ക് മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കളെയും നഷ്ടമായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും ഇന്ദിര ഗന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിക്കുന്നത് വിമാനാപകടത്തിലാണ്. 1980ൽ സഞ്ജയ് ഗാന്ധി പറത്തിയിരുന്ന ചെറുവിമാനം ഡൽഹി സഫ്ദര്‍ ജങ് വിമാനത്താവളത്തിൽ തകർന്നുവീഴുകയായിരുന്നു.
ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി ബൽവന്തറായ് മേത്തയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിമാനപകടത്തിൽ മരിക്കുന്ന ആദ്യ പ്രമുഖൻ. 1965 ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് മേത്ത സഞ്ചരിച്ച വിമാനം പാക് സൈന്യം വെടിവച്ചിടുകയായിരുന്നു.
2001ൽ ഉത്തർപ്രദേശിൽ ചാർട്ടേഡ് വിമാനം തകർന്നുവീണാണ് കോൺഗ്രസ് നേതാവും ഗ്വാളിയർ രാജകുടുംബാംഗവുമായ മാധവറാവു സിന്ധ്യയുടെ മരണം. 2002ൽ 12ാം ലോക്സഭാ സ്പീക്കർ ജി.എം.സി. ബാലയോഗി ആന്ധ്രപ്രദേശിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. 2005ൽ വ്യവസായിയും ഹരിയാന മന്ത്രിയുമായ ഓം പ്രകാശ് ജിൻഡാലും കൃഷി മന്ത്രി സുരേന്ദർ സിങ്ങും ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടു.
2009 സെപ്റ്റംബര്‍ രണ്ടിനുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണം. കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവന്‍ ഹാന്‍സ് ഹെലികോപ്ടര്‍ തവാങ്ങില്‍നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി. അഞ്ചുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ അരുണാചല്‍പ്രദേശ് -ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.