അജിത് പവാറിന്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ; പ്രധാനമന്ത്രിയും അമിത് ഷായും പങ്കെടുക്കും

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷനുമായ അജിത് പവാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് ബാരാമതിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബാരാമതിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവാർ കുടുംബം സ്ഥാപിച്ച വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക.

അജിത് പവാറിന്റെ ഭൗതികശരീരം ബുധനാഴ്ച വൈകുന്നേരത്തോടെ വിദ്യാ പ്രതിഷ്ഠാൻ കോളേജ് പരിസരത്ത് എത്തിച്ചിരുന്നു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും പ്രാദേശിക നിവാസികളുമാണ് തങ്ങളുടെ പ്രിയപ്പെട്ട ‘ദാദ’ക്ക് അന്ത്യോപചാരം അർപ്പിക്കാൻ അവിടെ ഒത്തുകൂടിയത്. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ചിരുന്ന ചാർട്ടേഡ് വിമാനം തകർന്നുവീണത്. റൺവേയിൽനിന്ന് വെറും 200 മീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്. 66കാരനായ അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും മരിച്ചു.

അജിത് പവാറിന്റെ സ്മരണാർഥം ബാരാമതിയിൽ സ്മാരകം നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനാപകടവുമായി ബന്ധപ്പെട്ട് പോലീസ് അപകട മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വം നൽകുന്നന്ന ഭരണസഖ്യത്തിൽ വലിയ വിടവ് സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങളും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനലക്ഷങ്ങളാണ് തങ്ങളുടെ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ബാരാമതിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.

Tags:    
News Summary - Ajit Pawar's last rites to be held in Baramati today; PM, Amit Shah to attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.