പട്ന: 2015 ലാണ് ബിഹാറിന് രണ്ടാമതൊരു എയിംസ് കൂടി പ്രഖ്യാപിക്കുന്നത്. ദർഭംഗയിലായിരുന്നു ഭൂമി കണ്ടെത്തിയത്. സംസ്ഥാനത്തെ മിഥില മേഖലയിലെ ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ പദ്ധതി പ്രഖ്യാപിച്ച് 10 വർഷം കഴിഞ്ഞിട്ടും നടപടികളെല്ലാം മന്ദഗതിയിലാണെന്ന് മാത്രമല്ല, ഒരു ഗേറ്റ് മാത്രമാണ് ഇത്രയും കാലമായി അവിടെ നിർമിച്ചത്.
നിലവിൽ ബിഹാറിലെ ഏക എയിംസ് പട്നയിലാണ് സ്ഥിതി ചെയ്യുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോൺഗ്രസ്. എയിംസിന് അനുവദിച്ച സ്ഥലത്ത് പത്ത് വർഷം കൊണ്ട് നിർമിച്ച മതിലിന്‍റെ ഫോട്ടോയും പാർട്ടി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ദർഭംഗ എയിംസിലെ സേവനങ്ങളെക്കുറിച്ച് സർക്കാർ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
"ദർഭംഗ എയിംസിൽ ചികിത്സ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പല വേദികളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ യാഥാർത്ഥ്യം അവിടെ ഒരു കവാടം മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നതാണ്. കോൺഗ്രസ് ഇന്ന് സത്യം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു" -കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പറഞ്ഞു.
ദർഭംഗ എയിംസിന്‍റെ മന്ദഗതിയിലുള്ള പുരോഗതിയിൽ പ്രദേശവാസികളും നിരാശ പ്രകടിപ്പിച്ചു. ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉണ്ടായിരുന്നിട്ടും പ്രദേശത്ത് വികസനമില്ലെന്ന് ദർഭംഗ നിവാസിയായ അവിനാശ് ഭരദ്വാജ് പറഞ്ഞു.
"കഴിഞ്ഞ 10 വർഷത്തിനിടയിൽ എയിംസിന്റെ കവാടം മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. ദർഭംഗയിൽ ബി.ജെ.പി എം.പിയും എം.എൽ.എയും ഉണ്ട്. പക്ഷേ പണി പുരോഗമിക്കുന്നില്ല. എയിംസ് നിർമ്മിക്കാൻ ഇനിയും 10 വർഷമെടുക്കുമെന്ന് തോന്നുന്നു" -അദ്ദേഹം പറഞ്ഞു.
10 വർഷത്തിനു ശേഷവും, ദർഭംഗ എയിംസിൽ ഗേറ്റ് മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം. എയിംസ് പദ്ധതി സ്തംഭിപ്പിക്കാൻ സർക്കാർ മനഃപൂർവ്വം ആഗ്രഹിക്കുന്നു. മിഥിലയിലെ ജനങ്ങളുടെ ആരോഗ്യത്തെ പരിഹസിക്കുന്നുവെന്ന് മിഥില സ്റ്റുഡന്റ് യൂനിയനും ആരോപിച്ചു.
നിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ, നടപടി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ചില വിദ്യാർത്ഥി നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങൾക്കായുള്ള പ്രതീക്ഷകൾ പൂർത്തീകരിക്കപ്പെടാത്തതിനാൽ പൊതുജനരോഷം ഉയരുകയാണ്.
2015 ൽ പ്രഖ്യാപിച്ച ദർഭംഗയിലെ എയിംസ് 2020 ലാണ് അംഗീകരിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 നവംബർ 13 ന് തറക്കല്ലിട്ടു. 187 ഏക്കറിൽ 1,264 കോടി രൂപ ചെലവിൽ പദ്ധതി നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇപ്പോൾ മിഥിലയിലെ ജനങ്ങൾ ദീർഘകാലമായി കാത്തിരുന്ന ആശുപത്രി എപ്പോൾ പൂർത്തിയാകുമെന്ന അനിശ്ചിതത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.