മൊണാലിസ ജനിച്ചത് 2009ൽ, വിവാഹം നടക്കുമ്പോൾ 16 വയസ്സും 2 മാസവും 12 ദിവസവും മാത്രം പ്രായം; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്

ഭോപാൽ: ‘മഹാകുംഭമേളയിലെ വൈറൽ പെൺകുട്ടി’ എന്നറിയപ്പെടുന്ന ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലേയുടെ ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് മധ്യപ്രദേശ് പൊലീസ്. അന്വേഷണത്തിൽ മൊണാലിസക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനെതിരെ ഖാർഗോൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധ വിവാഹം തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആശുപത്രി രേഖകളിൽ മൊണാലിസ 2009 ഡിസംബർ 30നാണ് ജനിച്ചതെന്ന് രേഖപ്പെടുത്തിയതായി നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ് ക​ണ്ടെത്തിയതായി പറയുന്നു. ഈ വർഷം മാർച്ച് 11ന് വിവാഹിതയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സും 2 മാസവും 12 ദിവസവുമായിരുന്നു പ്രായമെന്നും അവർ പറയുന്നു. ഇതിനുപിന്നാലെയാണ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

കേരളത്തിൽവെച്ചായിരുന്നു മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹം. മറ്റൊരു വിവാഹത്തിന് നിർബന്ധിച്ച പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയെത്തുകയായിരുന്നു. കാമുകനോടൊപ്പമായിരുന്നു മൊണാലിസ തമ്പാനൂർ പൊലീസിൽ അഭയം തേടിയത്. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് പെൺകുട്ടി കാമുകനായ ഫർമാൻ ഖാനൊപ്പം കേരളത്തിൽ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഫർമാൻ ഖാനുമായുള്ള വിവാഹം. നിരവധിപ്പേർ വിവാഹ വിവരമറിഞ്ഞ് ക്ഷേത്രത്തിൽ എത്തിയിരുന്നു. വിവാഹത്തിന് പിന്നാലെ മൊണാലിസയുടെ പ്രായത്തെചൊല്ലി നിരവധി ചർച്ചകൾ ഉയർന്നിരുന്നു.

ഫേസ്ബുക്ക് വഴിയാണ് മൊണാലിസയും ഫർമാനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തെരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.

അച്ഛനൊപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നും മൊണാലിസ പൊലീസിനോട് വ്യക്തമാക്കി. മൊണാലിസയും ആണ്‍സുഹൃത്തും സിനിമ ചിത്രീകരണത്തിന്‍റെ ഭാഗമായിട്ടാണ് പൂവാറെത്തിയത്. ഷൂട്ടിങ് സ്ഥലത്ത് നിന്ന് സംവിധായകരും അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. മൊണാലിസയുടെ അച്ഛൻ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു.  

Tags:    
News Summary - Probe finds Kumbh fame Monalisa is a minor Pocso case filed against husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.