പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: ആർ.എസ്.എസ് ശാഖയിൽ തുടരെ ലൈംഗിക പീഡനത്തിന് ഇരയായെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി. ഐ.ടി ജീവനക്കാരനായ കോട്ടയം എലിക്കുളം സ്വദേശി സ്വദേശി അനന്തു അജിയാണ് (24) തിരുവനന്തപുരത്തെ ലോഡ്ജിൽ തൂങ്ങിമരിച്ചത്.
സംഭവത്തിൽ വിട്ടുവീഴ്ചയില്ലാത്തതും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ആർ.എസ്.എസ് പ്രവർത്തകരായ ഒന്നിലധികം ആളുകൾ തന്നെ തുടർച്ചയായി ലൈംഗീകമായി പീഢിപ്പിച്ചുവെന്ന് അനന്തു ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർ.എസ്.എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗീക പീഡനം നടക്കുന്നുണ്ടെന്നും അനന്ദു വ്യക്തമാക്കിയിട്ടുണ്ട്. ഇത് ശരിയാണെങ്കിൽ ഭയാനകമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
വിഷയത്തിൽ ആർ.എസ്.എസ് നേതൃത്വവും അടിയന്തിരമായി നടപടി സ്വീകരിക്കണം. ഇത്തരം നീചമായ കുറ്റകൃത്യങ്ങളിൽ നിശബ്ദത അവസാനിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.
തന്‍റെ മരണമൊഴിയാണ് എന്ന് സൂചിപ്പിക്കുന്ന കുറിപ്പിൽ നാല് വയസ്സുള്ളപ്പോൾ ശാഖയിൽവെച്ച് ആർ.എസ്.എസ് പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചെന്നും ആർ.എസ്.എസിലെ പലരിൽനിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് തന്നെ വിഷാദരോഗത്തിന് അടിമയാക്കിയെന്നും യുവാവ് ആരോപിച്ചിരുന്നു.
ലൈംഗിക പീഡനം മാത്രമല്ല, ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് തന്നെ തല്ലിയിട്ടുണ്ട്. ഇതിൽ നിന്ന് പുറത്തുവന്നത് കൊണ്ടാണ് തനിക്കിത് പറയാൻ പറ്റിയതെന്നും തനിക്ക് ഇത്രയും വെറുപ്പുള്ള ഒരു സംഘടനയില്ലെന്നും കുറിപ്പിലുണ്ട്. താൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയത് കൊണ്ട് നന്നായി അറിയാം.
ജീവിതത്തിൽ ഒരിക്കലും ആർ.എസ്.എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് എഴുതി. താൻ മാത്രമല്ല, പല കുട്ടികളും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗൺസലിങ് നൽകണം. താൻ ഇപ്പോൾ അനുഭവിക്കുന്ന ഒ.സി.ഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. ഒ.സി.ഡി ഉള്ള ഒരാളുടെ മനസ്സ് ഒരിക്കലും അയാളുടെ കൈയിൽനിൽക്കില്ല. മനസ്സ് മറ്റൊരാൾ നിയന്ത്രിക്കുന്നത് പോലെയുള്ള അവസ്ഥയാണിതെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.