ഇന്ത്യൻ സംസ്കാരം മനസിലാക്കാൻ അമ്മ ഏറെ പ്രയാസപ്പെട്ടു; ഇഷ്ടമില്ലാഞ്ഞിട്ടും രാഷ്ട്രീയത്തിലിറങ്ങി -സോണിയ ഗാന്ധിയെ കുറിച്ച് പ്രിയങ്ക

ബംഗളൂരു: ഒട്ടും ആഗ്രഹിക്കാതെയാണ് തന്റെ അമ്മ സോണിയ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമായതെന്ന് പ്രിയങ്ക ഗാന്ധി. ഇന്ത്യൻ സംസ്കാരം പഠിച്ചെടുക്കാൻ ആദ്യ കാലത്ത് അമ്മ ഏറെ ബുദ്ധിമുട്ടി. രണ്ട് കരുത്തരും ബുദ്ധിമതികളുമായ സ്ത്രീകളാണ്(ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി) തന്നെ വളർത്തിയതെന്നും പ്രിയങ്ക പറഞ്ഞു. ബംഗളൂരിൽ വനിതകളുടെ നേതൃത്വത്തിലുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

എനിക്ക് എട്ടു വയസുള്ളപ്പോഴാണ് ഇന്ദിരക്ക് 33കാരനായ മകനെ നഷ്ടപ്പെടുന്നത്. മകന്റെ വേർപാടിന്റെ വേദന മാറുന്നതിനു മുമ്പ് അവർ രാഷ്ട്രത്തെ സേവിക്കാനെത്തി. അത്രക്ക് കരുത്തയായ സ്ത്രീയായിരുന്നു തന്റെ മുത്തശ്ശിയെന്നും മരിക്കുന്നത് വരെ അവർ രാഷ്ട്രത്തെ സേവിക്കുന്നത് തുടർന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

21ാം വയസിലാണ് സോണിയയും രാജീവും പ്രണയത്തിലായത്. ഇറ്റലിയിൽ നിന്ന് എല്ലാമുപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്ന് അവർ രാജീവിനെ വിവാഹം കഴിച്ചു. നമ്മുടെ പരമ്പരാഗത സംസ്കാരം മനസിലാക്കാൻ നന്നേ ബുദ്ധിമുട്ടി. അവർ ഇന്ദിരയെ പൂർണ അർഥത്തിൽ ഉൾക്കൊണ്ടു. 44ാം വയസിൽ ഭർത്താവിനെ നഷ്ടമായി. ഇഷ്ടമില്ലാതിരുന്നിട്ടു കൂടി രാഷ്ട്രീയത്തിൽ സജീവമായി. ഇപ്പോൾ 76 വയസായി. ഇന്നും ആ പ്രവർത്തനം തുടരുകയാണ്. ഇന്ദിരയിൽ നിന്ന് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ അവർ മനസിലാക്കി-പ്രിയങ്ക പറഞ്ഞു.

നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും, വലിയ ദുരന്തം നേരിടേണ്ടി വന്നാലും, കഠിന പഥങ്ങൾ താണ്ടേണ്ടി വന്നാലും...അതെല്ലാം തരണം ചെയ്യാനുള്ള ഉൾക്കരുത്ത് എല്ലാവരിലുമുണ്ടാകും-പ്രിയങ്ക കൂട്ടിച്ചേർത്തു.

Tags:    
News Summary - Priyanka Gandhi on mother sonia's struggle to learn indian traditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.