പ്രിയങ്ക ഗാന്ധി ബെംഗളൂരുവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നു

‘എന്റെ അമ്മയുടെ മംഗല്യസൂത്രം ഈ നാടിനുവേണ്ടി സമർപ്പിച്ചതാണ്’; മോദിക്ക് ചുട്ടമറുപടിയുമായി പ്രിയങ്ക ഗാന്ധി

ബെംഗളൂരു: കോൺഗ്രസ് ഭരണത്തിലെത്തിയാൽ സ്ത്രീകളുടെ സ്വർണവും മംഗല്യസൂത്ര (കെട്ടുതാലി) യുമെല്ലാം കോൺഗ്രസ് അപഹരിക്കുമെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി. 55 വർഷത്തിനിടെ കോൺഗ്രസ് ആരുടെയെങ്കിലും മംഗല്യസൂത്രയോ സ്വർണമോ കവർന്നിട്ടുണ്ടോ എന്നു ചോദിച്ച പ്രിയങ്ക, കെട്ടുതാലി വരെ നാടിനുവേണ്ടി ത്യാഗം ചെയ്ത അമ്മയാണ് തന്റേതെന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടി മോദിയെ ഓർമിപ്പിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട മോദി, കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്തുമുഴുവൻ മുസ്‍ലിംകൾക്ക് നൽകുമെന്ന വിദ്വേഷ പ്രസംഗങ്ങൾ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തുവന്നത്.

‘കോൺഗ്രസ് പാർട്ടി നിങ്ങളുടെ കെട്ടുതാലിയും സ്വർണവുമെല്ലാം അപഹരിക്കാൻ പോവുന്നുവെന്ന് രണ്ടുദിവസമായി അവർ പറഞ്ഞുനടക്കുകയാണ്. രാജ്യം സ്വതന്ത്രമായിട്ട് 76 വർഷമായി. 55 വർഷം കോൺഗ്രസാണ് ഈ രാജ്യം ഭരിച്ചത്. ആരെങ്കിലും നിങ്ങളുടെ സ്വർണം കവർന്നോ? മംഗല്യസൂത്ര അപഹരിച്ചോ? രാജ്യം യുദ്ധവേളയിൽ നിൽക്കെ ഇന്ദിരാഗാന്ധി അവരുടെ സ്വർണം മുഴുവൻ രാജ്യത്തിനുവേണ്ടി സമർപ്പിച്ചതാണ്. എന്റെ അമ്മയുടെ മംഗല്യസൂത്ര ഈ നാടിനുവേണ്ടി ത്യാഗം ചെയ്തതാണ്.

നരേന്ദ്ര മോദി കെട്ടുതാലിയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇത്ര വലിയ അസംബന്ധം എഴുന്നള്ളിക്കില്ലായിരുന്നു. രാജ്യത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ മോദി പരാജയപ്പെട്ടിരിക്കുകയാണ്. ഇവിടുത്തെ കർഷകർ കടംകയറി ജീവിതത്തിനുമുന്നിൽ പകച്ചു നിൽക്കുമ്പോൾ അവരുടെ ഭാര്യമാർക്ക് കെട്ടുതാലികൾ പണയം വെക്കേണ്ടി വരുന്നു. മകളുടെ വിവാഹമോ കുടുംബത്തിൽ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ സ്ത്രീകൾ അവരുടെ ആഭരണങ്ങൾ പണയം വെക്കുന്നു. ഇതൊന്നും പക്ഷേ, മോദിക്ക് മനസ്സിലാക്കാനാവുന്നില്ല.

രാജ്യത്ത് കർഷക സമരത്തിനിടെ 600 കർഷകരാണ് മരണപ്പെട്ടത്. അവരുടെ ഭാര്യമാരുടെ ‘മംഗല്യസൂത്ര’യെക്കുറിച്ച് മോദി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മണിപ്പൂരിലെ നിസ്സഹായയായ ഒരു സ്ത്രീയെ രാജ്യത്തിനു മുമ്പാകെ നഗ്നയായി നടത്തിക്കുമ്പോൾ അവളെക്കുറിച്ചും അവളുടെ മംഗല്യസൂത്രയെക്കുറിച്ചും എന്തുകൊണ്ടാണ് മോദി ചിന്തിക്കാതിരുന്നതും നിശ്ശബ്ദത പാലിച്ചതും? തെരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ ഉപകരണം മാത്രമായാണ് മോദി സ്ത്രീകളെ കാണുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ആരോപിച്ചു.

‘ഇന്ന് തെരഞ്ഞെടുപ്പിനുവേണ്ടി നിങ്ങൾ സ്ത്രീകളെക്കുറിച്ച് ഇതുപോലെ സംസാരിക്കുന്നു. അവരെ പേടിപ്പിച്ച് വോട്ടുകൾ തട്ടുകയാണ് നിങ്ങളുടെ ലക്ഷ്യം. ഇതിൽ മോദി ലജ്ജിക്കണം. സത്യസന്ധമായ രാഷ്​ട്രീയവും നാടകവും നടത്തുന്നവർക്കിടയിൽനിന്ന് അനുയോജ്യരായവരെയാണ് നമ്മൾ തെരഞ്ഞെടുക്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.

Tags:    
News Summary - Priyanka Gandhi Hits Back At PM Modi, Remarks 'My Mother’s Mangalsutra Was Sacrificed For This Country'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.