ഞാൻ ഇന്ദിര ഗാന്ധിയുടെ പേരക്കുട്ടി; ഭീഷണി എന്നോട് വേണ്ട -പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ആഗ്രയിലെ കോവിഡ്​ മരണം സംബന്ധിച്ച് യു.പി സർക്കാറിനെതിരെ ഉന്നയിച്ച ആരോപണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്​ നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ഉത്തർ പ്രദേശ് സർക്കാറിനെതിരായ വിമർശനത്തിന്‍റെ പേരിൽ എന്ത് നടപടി സ്വീകരിച്ചാലും സത്യം വിളിച്ചു പറയുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ സത്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുക എന്ന കര്‍ത്തവ്യം നിറവേറ്റുമെന്നും പ്രിയങ്ക ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി. 

പൊതുപ്രവര്‍ത്തക എന്ന നിലയില്‍ യു.പിയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും സത്യം അവര്‍ക്കു മുമ്പാകെ തുറന്നുകാട്ടുകയുമാണ് തന്‍റെ കര്‍ത്തവ്യം. അല്ലാതെ സര്‍ക്കാറിനു വേണ്ടി പ്രചാരണം നടത്തുകയല്ല. തനിക്കുനേരെ ഭീഷണി മുഴക്കാന്‍ ശ്രമിച്ച് സംസ്ഥാന സര്‍ക്കാര്‍ സമയം പാഴാക്കുകയാണ്. 

അവര്‍ക്ക് എന്തു നടപടി വേണമെങ്കിലും എടുക്കാം. സത്യം ഉയര്‍ത്തിക്കാട്ടുക തന്നെ ചെയ്യും. താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്, ചില നേതാക്കളെ പോലെ ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താവല്ലെന്നും  പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ആഗ്രയിൽ 109 ദിവസത്തിനുള്ളിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത 1139 പേരിൽ 79 രോഗികളാണ്​ മരിച്ചതെന്നും 48 മണിക്കൂറിനുള്ളിൽ 28 പേർ മരിച്ചതായും പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. ഇതേതുടർന്ന് പ്രിയങ്ക പുറത്തുവിട്ട വിവരം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ജില്ല ഭരണകൂടം, ആരോപണം പിൻവലിക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ആരോപണത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു യു.പിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.