ന്യൂഡൽഹി: കർഷകസമരത്തെ പിന്തുണച്ചതിന് പ്രതിപക്ഷ കക്ഷികളെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ കാർഷികവിള വിപണന കമ്മിറ്റി(എ.പി.എം.സി)കളും മണ്ഡി(ചന്ത)കളും കർഷകസമരവും ഇല്ലാത്തതെന്തുകൊണ്ടാണെന്ന് ചോദിച്ചു. കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് പ്രതിപക്ഷം കളവുകളും ഉൗഹങ്ങളും പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കർഷക സമരത്തിനെതിരായ സർക്കാർ കാമ്പയിനിെൻറ ഭാഗമായി വെള്ളിയാഴ്ച രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള കർഷകരെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
എ.പി.എം.സികൾ നിർത്തലാക്കാനുള്ളതാണ് വിവാദ കാർഷിക നിയമങ്ങൾ എന്ന കർഷകരുടെ ആക്ഷേപത്തിന് മറുപടിയായിട്ടാണ് മോദി കേരളത്തിെൻറ വിഷയമെടുത്തിട്ടത്. മണ്ഡികളെക്കുറിച്ചും എ.പി.എം.സികളെ കുറിച്ചും സംസാരിക്കുന്നവർ പശ്ചിമ ബംഗാളിനെയും കേരളത്തെയും നശിപ്പിച്ചവരാണെന്ന് മോദി കുറ്റപ്പെടുത്തി. കേരളത്തിൽ കാർഷിക വിള വിപണന കമ്മിറ്റികളും ചന്തകളുമില്ല. എന്നിട്ടും കേരളത്തിൽ കർഷക സമരങ്ങളില്ലാത്തതെന്തുകൊണ്ടാണ്? അവിടെ ഒരു പ്രസ്ഥാനം ആരംഭിക്കാത്തതെന്തുകൊണ്ടാണ്? പഞ്ചാബിലെ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണവർ ചെയ്യുന്നതെന്നും കേരളം ഭരിക്കുന്ന ഇടതുപക്ഷത്തെ വ്യംഗ്യമായി സൂചിപ്പിച്ച് മോദി ആരോപിച്ചു.
കേരളം കാലങ്ങളായി ഭരിക്കുന്നവർ സെൽഫികളെടുക്കാൻ പഞ്ചാബ് കർഷകരുമായി ചേരുകയാണ്. സ്വന്തം സംസ്ഥാനത്ത് മണ്ഡികൾ കൊണ്ടുവരാൻ അവർ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ ദരിദ്രരായ 80 ശതമാനം കർഷകരും മുൻ സർക്കാറുകളുടെ കാലത്ത് കൂടുതൽ ദരിദ്രരായതുകൊണ്ടാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്നും മോദി അവകാശപ്പെട്ടു.
രാജ്യമൊട്ടുക്കും കർഷകർ പുതിയ നിയമങ്ങളെ പിന്തുണക്കുേമ്പാൾ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവർ കർഷകരുടെ ചുമലിൽനിന്ന് വെടിയുതിർക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. സർക്കാർ കർഷകരോട് സംസാരിക്കാൻ ഒരുക്കമാണെന്നും കർഷകർ ആരാലും തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്നും മോദി പറഞ്ഞു.
സമരം അവസാനിപ്പിക്കാൻ കർഷകരോട് ആവശ്യപ്പെട്ട കൃഷിമന്ത്രി തോമർ പുതിയ കാർഷിക നിയമങ്ങളുടെ പ്രസക്തി അവർ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞു.
പ്രധാൻമന്ത്രി കൃഷി സമ്മാൻ നിധിയിൽനിന്ന് (പി.എം-കിസാൻ) 18,000 കോടി രൂപയുടെ അടുത്ത ഗഡുവും ചടങ്ങിൽ അനുവദിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ കർഷകരെ അഭിമുഖീകരിച്ച് ഡൽഹിയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.