മൃഗങ്ങളോടുള്ള ക്രൂരത: നിയമത്തില്‍ ഭേദഗതി, കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്, ക്രൂരത കാണിച്ചാൽ മൂന്ന് വർഷം

ന്യൂഡല്‍ഹി: മൃഗങ്ങളോട് ക്രൂരത തടയൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. 1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം പുനഃപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മൃഗങ്ങളോട് ക്രൂരത കാണിച്ചാൽ മൂന്ന് വര്‍ഷം വരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവുമായിരിക്കും.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, (ഭേദഗതി) ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബിൽ പരസ്യമാക്കി, പൊതുജനാഭിപ്രായം തേടും.

വരുന്ന ശീതകാല സമ്മേളനത്തിലോ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലോ ബില്ല് അവതരിപ്പിച്ചേക്കും. ക്രൂരതയെ "ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി" എന്നാണ് നിർവചിക്കുന്നത്. ക്രൂരതയ്ക്ക് ഏറ്റവും കുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷ ലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കിൽ ചിലവ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടർമാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കരട് നിർദേശത്തില്‍ പറയുന്നു.

ഒരു മൃഗത്തെ കൊല്ലുന്നതിന് പരമാവധി അഞ്ച് വർഷം തടവും പിഴയും കരട് നിർദേശിക്കുന്നു. മൃഗങ്ങൾക്ക് 'അഞ്ച് സ്വാതന്ത്ര്യം' നൽകുന്ന പുതിയ സെക്ഷൻ മൂന്ന് എ ഉൾപ്പെടുത്താനും കരട് നിർദ്ദേശിക്കുന്നുണ്ട്. 1. ദാഹം, വിശപ്പ്, പോഷകാഹാരക്കുറവ് എന്നിവയിൽ നിന്നുള്ള മോചനം, 2. പരിസ്ഥിതി കാരണം അസ്വാസ്ഥ്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, 3. വേദന, പരിക്കുകൾ, രോഗങ്ങൾ എന്നിവയിൽ നിന്നുള്ള സ്വാതന്ത്ര്യം; 4. ജീവിവർഗങ്ങളുടെ സാധാരണ പെരുമാറ്റം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, 5. ഭയത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം എന്നിവ മൃഗത്തിന്റെ ചുമതലയുള്ള ഓരോ വ്യക്തിയുടെയും കടമയാണ്.

Tags:    
News Summary - Prevention of Cruelty to Animal Act, Draft proposes 61 changes: 3-year jail for ‘gruesome cruelty’, 5 for killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.