ദലിത് കാർഡുമായി കോൺഗ്രസ്; മീരാകുമാറിനും ഷിൻഡെക്കും സാധ്യത

ന്യൂഡൽഹി: രാംനാഥ് കോവിന്ദിനെ പ്രസിഡന്‍റ് സ്ഥാനാർഥിയാക്കിക്കൊണ്ട് ദലിത് കാർഡിറക്കിയ എൻ.ഡി.എക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ യു.പി.എ ഒരുങ്ങുന്നു. കോൺഗ്രസിന്‍റെ ശക്തരായ ദലിത് നേതാക്കളായ സുശീൽ കുമാർ ഷിൻഡെ, മീരാകുമാർ എന്നിവരെയാണ് യു.പി.എ സ്ഥാനാർഥികളായി പരിഗണിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനാർഥിയെ തീരുമാനിക്കാനായി ജൂൺ 22ന് ചേരാനിരിക്കുന്ന പ്രതിപക്ഷ യോഗത്തിൽ ഈ രണ്ടുപേരിലൊരാളെ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനാണ് കോൺഗ്രസിന്‍റെ ശ്രമം.

മഹാരാഷ്ട്രയിൽ നിന്നുള്ള ദലിത് നേതാവായ ഷിൻഡെ സ്ഥാനാർഥിയാവുകയാണെങ്കിൽ ശിവസേനയുടെ പിന്തുണ ഉറപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞേക്കും. അതേസമയം, മുൻസ്പീക്കറും ബിഹാറിലെ പ്രമുഖ കോൺഗ്രസ് നേതാവുമായ മീരാകുമാറിന്‍റെ സ്ഥാനാർഥിത്വം ബിഹാറിലെ ജെ.ഡി.യുവിന്‍റെ പിന്തുണ ഉറപ്പാക്കാനും ഇടയാക്കും.

കോവിന്ദിനെ സ്ഥാനാർഥിയാക്കിയതിലൂടെ പ്രതിപക്ഷ  നിരയിൽ വിള്ളൽ വീഴ്ത്താൻ എൻ.ഡി.എ ക്ക് കഴിഞ്ഞിട്ടുണ്ട്. ജെ.ഡി.യു, ബി.എസ്.പി തുടങ്ങിയ പാർട്ടികൾ കോവിന്ദിനെ പിന്തുണക്കുമെന്ന സൂചന ഇപ്പോൾത്തന്നെ നൽകിക്കഴിഞ്ഞു. ഒരു ദലിതൻ പ്രസിഡന്‍റ് പദത്തിലേക്ക് വരുന്നതിനെ പോസിറ്റീവായി മാത്രമേ തങ്ങൾക്ക് കാണാൻ കഴിയൂ എന്ന് മായാവതി പരസ്യമായിത്തന്നെ ലക്നോവിൽ പ്രഖ്യാപിച്ചിരുന്നു.

കോവിന്ദിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥിത്വം  വ്യക്തിപരമായി തനിക്ക് സന്തോഷം നൽകുന്ന ഒന്നാണെന്ന് നിതീഷ്കുമാറും പ്രതികരിച്ചു. ബിഹാർ ഗവർണർ എന്ന നിലയിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചയാളാണ് അദ്ദേഹമെന്നും ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്കുമാർ പറഞ്ഞു.

എന്നാൽ ജാതി രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ നിലപാട്. വോട്ടിന് വേണ്ടി ജാതികാർഡ് കളിക്കുന്നതിൽ തങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 2007ലും 2012ലും യു.പി.എ സ്ഥാനാർഥികളായ പ്രതിഭാ പാട്ടീലിനേയും പ്രണബ് കുമാർ മുഖർജിയേയുമായിരുന്നു ശിവസേന പിന്തുണച്ചത് എന്നതും ശ്രദ്ധേയമാണ്.  

Tags:    
News Summary - For Presidential Election, Congress May Match BJP's Dalit Card With Sushil Kumar Shinde or Meira Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.