അനിശ്ചിതത്വം തുടരുന്നു; കണ്ഡീരവയിൽ സത്യപ്രതിജ്ഞാ വേദിയും പന്തലും ഒരുക്കുന്ന പണി നിർത്തി

ബംഗളൂരു: ആരാവും കർണാടക മുഖ്യമന്ത്രിയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരവേ, സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ബംഗളൂരുവിലെ കണ്ഡീരവ സ്റ്റേഡിയത്തിൽ തയാറെടുപ്പുകൾ നിർത്തി. വേദിയും പന്തലും ഒരുക്കുന്ന പണി താൽക്കാലികമായി നിർത്താൻ കരാറുകാർക്ക് നിർദേശം ലഭിച്ചു. എത്തിച്ച കൊടിതോരണങ്ങൾ തിരികെ കൊണ്ടുപോയി.

മേയ് 13നാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നത്. മേയ് 18 വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. ഇതിനായി കണ്ഡീരവ സ്റ്റേഡിയത്തിൽ വേദിയൊരുക്കലും അലങ്കാരപ്പണികളും തകൃതിയായി നടന്നിരുന്നു.


ബാരിക്കേഡുകളും പന്തലുകളും ജർമൻ ടെന്‍റുകളും സ്റ്റേഡിയത്തിലെത്തിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനയും നടത്തി. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു അനൗദ്യോഗിക വിവരം.

എന്നാൽ, സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി പദവിക്കായി ആവശ്യമുന്നയിച്ചതോടെയാണ് സത്യപ്രതിജ്ഞ നീളുന്നത്. ഫലപ്രഖ്യാപനം വന്ന് നാലുനാൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത വിഷമസന്ധിയിലാണ് കോൺഗ്രസ്. ഇരുനേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ചകൾ തുടരുകയാണ്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമാകുമെന്നാണ് വിവരം.

സിദ്ധരാമയ്യ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കർണാടകയിൽ വിവിധയിടങ്ങളിൽ അദ്ദേഹത്തെ പിന്തുണക്കുന്നവർ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്ന കാര്യം രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പിച്ചതായി കെ.പി.സി.സി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ പുഷ്പ അമർനാഥ് പറഞ്ഞു. സിദ്ധരാമയ്യയെ പ്രവർത്തകർ ആശംസയറിയിച്ചെന്നും ഇവർ പറഞ്ഞു. സിദ്ധരാമയ്യയുടെ വീടിനു മുന്നിലും ആഹ്ലാദ പ്രകടനമുണ്ടായി.

മുഖ്യമന്ത്രിപദത്തിനുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ഡി.കെ. ശിവകുമാർ പക്ഷം നൽകുന്ന സൂചനകൾ. മുഖ്യമന്ത്രി സ്ഥാനം വീതംവെക്കുകയാണെങ്കിൽ ആദ്യ ഊഴം തനിക്ക് വേണമെന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്. 

Tags:    
News Summary - Preparations for oath taking ceremony for the post of CM of Karnataka has been stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.