ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം നടന്ന സ്ഥലത്തിന്റെ തീയണച്ചതിന് ശേഷമുള്ള ദൃശ്യം
ശ്രീനഗർ: ഹരിയാനയിലെ ഫരീദാബാദിൽ 2500ലധികം കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ വീട്ടുടമയെ കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാനയിലെ മേവാത് സ്വദേശിയായ മൗലവി ഇഷ്തിയാഖിനെയാണ് ബുധനാഴ്ച പിടികൂടി ശ്രീനഗറിലേക്ക് കൊണ്ടുപോയത്. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ അധ്യാപകനായ ഡോക്ടർ മുസമ്മിൽ ഗനി ഉൾപ്പെടെയുള്ളവരെ കഴിഞ്ഞദിവസങ്ങളിൽ ഭീകരവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇഷ്തിയാഖിന്റെ വീട്ടിലാണ് മുസമ്മിൽ വാടകക്ക് താമസിച്ചിരുന്നത്. ഇവിടെനിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഇഷ്തിയാഖിന്റെ അറിവോടെയാണ് വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇവിടെനിന്ന് 350 കിലോ ഗ്രാം സ്ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്. ഇഷ്തിയാഖിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നറിയുന്നു. കേസിൽ പിടിയിലാകുന്ന ഒമ്പതാമത്തെ ആളാണ് ഇഷ്തിയാഖ്. നേരത്തെ അറസ്റ്റിലായ എട്ടുപേരിൽ ഏഴുപേരും കശ്മീരിൽനിന്നുള്ളവരാണ്. ഇവർക്ക് ലശ്കറെ ത്വയ്യിബ പോലുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ആവണക്കിെന്റ കുരുവിൽനിന്ന് ഉൽപാദിപ്പിക്കുന്ന മാരക വിഷമായ റൈസിൻ ഉപയോഗിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്ന ആരോപണം അന്വേഷിക്കുന്ന ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തി. സംഭവത്തിൽ അറസ്റ്റിലായ ഡോ. അഹ്മദ് മുഹിയിദ്ദീൻ സായിദിെന്റ ഹൈദരാബാദിലെ വീട്ടിലും ഉത്തർപ്രദേശിൽ അറസ്റ്റിലായ മറ്റു രണ്ടുപേരുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്. ഡോ. അഹ്മദ് മുഹിയിദ്ദീെന്റ വീട്ടിൽനിന്ന് തിരിച്ചറിയാത്ത രാസവസ്തുവും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തർപ്രദേശിലെ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെടുത്തിട്ടില്ല.
ഭീകര പദ്ധതി ആസൂത്രണം ചെയ്ത മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ഞായറാഴ്ചയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചത്. ആസാദ് സുലൈമാൻ ശൈഖ്, മുഹമ്മദ് സുഹൈൽ മുഹമ്മദ് സലീം എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. ഡൽഹി കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ഡോക്ടർമാരും ഡോ. അഹ്മദ് മുഹിയിദ്ദീനും തമ്മിൽ ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. 46 കിലോ ഗ്രാം ഹൈഡ്രോ ഫ്ലൂറിക് ആസിഡും രണ്ടരകിലോ സ്ഫോടക വസ്തുവുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായിട്ടുണ്ട്. മുറാാദാബാദിൽനിന്ന് ശുഹൈബ് എന്നയാളാണ് പിടിയിലായവരിൽ ഒരാൾ. ഇയാളിൽനിന്നാണ് ഹൈഡ്രോ ഫ്ലൂറിക് ആസിഡ് പിടിച്ചെടുത്തത്. വ്യവസായശാലകളിലും മറ്റും തുരുമ്പ് നാശത്തിനെതിരെ ഉപയോഗിക്കുന്ന അമ്ലമാണിത്. കൃത്യമായ രേഖകളില്ലാതെ കൈവശംവെച്ചത് ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയതിന്റെ പുറത്താണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പരാറ്റപ്പുരിൽ വാഹന പരിശോധനക്കിടെയാണ് രണ്ടര കിലോ സ്ഫോടക വസ്തുക്കളുമായി ശോഭിത് കുമാർ, വിജേന്ദ്ര സിങ് എന്നിവർ പിടിയിലായത്. കൃഷിയിടങ്ങളിൽനിന്ന് തെരുവുമൃഗങ്ങളെ ഓടിക്കുന്നതിനായി വാങ്ങിയ രാസവസ്തുക്കളാണിതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ നബിയുമായി ബന്ധപ്പെട്ട മറ്റൊരു കാർ കണ്ടെത്തി. ബുധനാഴ്ച ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ സംബന്ധിച്ച വിവരം പൊലീസ് പുറത്തുവിടുകയും എല്ലാ സ്റ്റേഷനുകളിലും അതിർത്തി ചെക്പോസ്റ്റുകളിലും ജാഗ്രത നിർദേശം നൽകുകയും ചെയ്തിരുന്നു. വൈകീട്ടോയൊണ് ഫരീദാബാദ് ജില്ലയിലെ ഖണ്ഡാവലിയിൽനിന്ന് കാര്‍ കണ്ടെത്തിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
അൽഖാഇദ അടക്കമുള്ള നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെതുടർന്ന് മുംബൈ, പുണെ എന്നിവിടങ്ങളിൽ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) റെയ്ഡ്. ദിവസങ്ങൾക്കു മുമ്പ് അറസ്റ്റിലായ സോഫ്റ്റ്‌വെയർ എൻജിനീയർ സുബൈർ ഹൻഗാർഗേക്കറുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധന. ഇരുവരെയും ചോദ്യം ചെയ്യുന്നു. അറസ്റ്റ് ചെയ്തിട്ടില്ല. റെയ്ഡിനും അന്വേഷണത്തിനും ഡൽഹി സ്ഫോടനവുമായി ബന്ധമില്ലെന്ന് എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുബൈർ ഹൻഗാർഗേക്കറുടെ മൊബൈലിൽ ഡിലീറ്റ് ചെയ്ത നിലയിൽ അൽഖാഇദയുമായും ബോംബ് നിർമാണവുമായും ബന്ധപ്പെട്ട പി.ഡി.എഫ് രേഖകളും ഉസാമ ബിൻലാദിന്റെ പ്രസംഗവും കണ്ടെത്തിയതായി എ.ടി.എസ് കോടതിയിൽ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.