പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കുന്നു
ഭുവനേശ്വർ: 18ാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാരതത്തിന്റെ യശസ്സുയർത്തക്കവിധം പല മേഖലകളിൽ തിളങ്ങിയ 27 പേർക്ക് ‘പ്രവാസി ഭാരതീയ സമ്മാൻ’ നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. ട്രിനിഡാഡ്- ടുബേഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കാങ്കലൂവിനുൾപ്പെടെയാണ് അവാർഡ്. ഇദ്ദേഹം ചടങ്ങിൽ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.
പൊതുസേവന വിഭാഗത്തിലാണ് കാങ്കലൂവിന് പുരസ്കാരം ലഭിച്ചത്. ആസ്ട്രേലിയയിൽനിന്ന് അജയ് റാണെ, ഓസ്ട്രിയയിൽനിന്ന് മറിയലേന ജോൺ ഫെർണാണ്ടസ്, ഫിജിയിൽനിന്ന് സ്വാമി സന്യുക്താനന്ദ്, ഗയാനയിൽനിന്ന് സരസ്വതി വിദ്യ നികേതൻ, ജപ്പാനിൽനിന്ന് ലേഖ് രാജ് ജുനേജ, കിർഗിസിൽനിന്ന് പ്രേംകുമാർ, ലാവോസിൽനിന്ന് സൗക്തവി ചൗധരി തുടങ്ങിയവർക്കാണ് വിവിധ വിഭാഗങ്ങളിൽ അവാർഡ്.
പ്രവാസി സമൂഹം രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. 2047ൽ ‘വികസിത് ഭാരത്’ സ്വപ്നം പൂർത്തീകരിക്കാൻ രാജ്യത്ത് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെയും സജീവ സാന്നിധ്യം വേണമെന്നും അവർ കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഒഡിഷ ഗവർണർ ഹരി ബാബു കംഭംപതി, മുഖ്യമന്ത്രി മോഹൻ ചരൺ മാജി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.