പ്രശാന്ത് കിഷോർ
പട്ന : ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള കോട്ട തകർത്തെറിഞ്ഞ് ചരിത്ര വിജയമാണ് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ നേടിയത്. ബി.ജെ.പിയുടെ ശക്തികേന്ദ്രം വെറും 30 ദിവസം കൊണ്ടാണ് താൻ തകർത്തതെന്ന് വിജയാഹ്ലാദത്തിനിടെ അദ്ദേഹം പ്രതികരിച്ചു. ബിഹാറിൽ നല്ലൊരു വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്ന ബി.ജെ.പി നേതൃത്വത്തിനുള്ള ശക്തമായ സന്ദേശമാണ് ഈ ജനവിവിധമെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി.
"ഇത് വെറുമൊരു എം.എൽ.എയെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പല്ല, മറിച്ച് ബിഹാറിൽ നല്ലൊരു വ്യക്തിയെ മുഖ്യമന്ത്രിയാക്കണം എന്ന സന്ദേശം ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിന് നൽകാനുള്ളതാണ്. എന്നാൽ മാത്രമേ ബിഹാറിൽ വിദ്യാഭ്യാസവും തൊഴിലും ലഭ്യമാകൂ. ജനങ്ങൾ നൽകിയിരിക്കുന്നത് ഈ സന്ദേശമാണ്. വോട്ട് ചെയ്തവർക്കും ചെയ്യാത്തവർക്കും നന്ദി പറയുന്നു. ബിഹാറിൽ നിന്നുള്ള കുടിയേറ്റം പൂർണ്ണമായി അവസാനിപ്പിക്കേണ്ടതുണ്ട്" പ്രശാന്ത് കിഷോർ പറഞ്ഞു.
മണ്ഡലത്തിലെ സാഹചര്യങ്ങൾ വേഗത്തിൽ മെച്ചപ്പെടുത്തുമെന്നും, തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത രണ്ടു മൂന്ന് മാസങ്ങൾക്കുള്ളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നും വലിയ വാഗ്ദാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെക്കാൾ 19324 വോട്ടുകൾ അധികം നേടിയാണ് പ്രശാന്ത് കിഷോർ വിജയം കുറിച്ചത്. 32 റൗണ്ടുകളുള്ള വോട്ടെണ്ണലിന്റെ മുഴുവൻ വോട്ടുകളും എണ്ണിത്തീർന്നപ്പോൾ പ്രശാന്ത് കിഷോറിന് 64151 വോട്ടുകളും നീരജ് കുമാറിന് 44827 വോട്ടുകളുമാണ് ലഭിച്ചത്. ആകെ ചെയ്ത വോട്ടുകളുടെ 50 ശതമാനത്തിനടുത്ത് വോട്ടുകൾ പ്രശാന്ത് കിഷോർ നേടി.
രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് കളം മാറ്റിയ പ്രശാന്ത് കിഷോറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം എന്ന നിലയിലാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയത്. 1995 മുതൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് ബങ്കിപൂർ മണ്ഡലം. ബി.ജെ.പി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതിൻ നബിൻ രാജിവെച്ചതോടെയാണ് ബങ്കിപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പൊലീസിനെ ദുരുപയോഗം ചെയ്തെന്നും തന്റെ പ്രവർത്തകരെ ലക്ഷ്യമിട്ടെന്നും പ്രശാന്ത് കിഷോർ ആരോപിച്ചിരുന്നു. ജൻ സുരാജ് പാർട്ടിയുടെ പ്രചാരണ പ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായും വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ക്രമക്കേടുകൾക്കെതിരെ തന്റെ പാർട്ടി തെരഞ്ഞെടുപ്പ് കമീഷനെയും സുപ്രീം കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ തോൽക്കുമെന്നും ‘ഒരു പൂച്ചയെയോ നായയെയോ പോലും മത്സരിപ്പിച്ചാലും തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന ചൊല്ല് മറക്കുമെന്നും’ പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.