പി.ടി.ഐയെ ഒഴിവാക്കി; ദൂരദർശനും ആകാശവാണിയും ഇനി വാർത്തകൾക്കായി ആശ്രയിക്കുക ആർ.എസ്.എസ് പിന്തുണയുള്ള ഏജൻസിയെ

ന്യൂഡൽഹി: ഇന്ത്യയുടെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതി ദൈനംദിന വാർത്തകൾക്കായി ഇനി പൂർണമായും ആശ്രയിക്കുക രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) പിന്തുണയുള്ള വാർത്താ ഏജൻസിയെ. പ്രമുഖ വാർത്ത ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള (പി.ടി.ഐ) കരാർ ഒഴിവാക്കിയാണ് പ്രസാർ ഭാരതി ഈമാസം 14ന് ഹിന്ദുസ്ഥാൻ സമാചാറുമായി കരാറിലെത്തിയത്.

ദൂരദർശനും ആകാശവാണിയും പ്രവർത്തിക്കുന്നത് പ്രസാർ ഭാരതിയുടെ കീഴിലാണ്. പി.ടി.ഐയുമായുള്ള സബ്സ്‌ക്രിപ്ഷൻ 2020ൽ പ്രസാർ ഭാരതി റദ്ദാക്കിയിരുന്നു. 2017 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് സൗജന്യമായി വാർത്തകൾ നൽകുന്നുണ്ട്. 2023 ഫെബ്രുവരി 14ന് ഇരു കക്ഷികളും ഔദ്യോഗിക കരാറിൽ ഒപ്പിട്ടതായി ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. 2025 മാർച്ചിൽ അവസാനിക്കുന്ന രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്ഷന് ഏകദേശം 7.7 കോടി രൂപയാണ് പ്രസാർ ഭാരതി നൽകുക.

ദിനംപ്രതി കുറഞ്ഞത് 10 ദേശീയ വാർത്തകളും പ്രാദേശിക ഭാഷയിലുള്ള 40 പ്രാദേശിക വാർത്തകളും ഉൾപ്പെടെ 100 വാർത്തകൾ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് നൽകുമെന്ന് കരാറിൽ പറയുന്നു. 1948ൽ മുതിർന്ന ആർ.എസ്.എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകനുമായ ശിവറാം ശങ്കർ ആപ്‌തേ, ആർ.എസ്.എസ് സൈദ്ധാന്തികനായ എം.എസ്. ഗോൾവാൾക്കറുമായി ചേർന്നാണ് ബഹുഭാഷാ വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാർ സ്ഥാപിച്ചത്.

മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ, ഹിന്ദുസ്ഥാൻ സമാചാർ സർക്കാർ പരസ്യങ്ങളുടെ സ്ഥിരം ഗുണഭോക്താവാണ്. വർഷങ്ങളായി വാർത്താ ഏജൻസികളായ പി.ടി.ഐ, യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ) എന്നിവയുമായി നരേന്ദ്ര മോദി സർക്കാർ അത്ര നല്ല ബന്ധത്തിലല്ല. അന്യായ സബ്സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2017 ൽ പരമ്പരാഗത വാർത്താ ഏജൻസികളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ പബ്ലിക് ബ്രോഡ്കാസ്റ്ററിന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

റിപ്പോർട്ടർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും ഏറ്റവും വലിയ ശൃംഖലയുള്ള പി.ടി.ഐയെ ഒഴിവാക്കി അധികം അറിയപ്പെടാത്ത ഹിന്ദുസ്ഥാൻ സമാചാറുമായി ബന്ധം സ്ഥാപിക്കുന്നത് കാവി വാർത്താ ശൃംഖല നിർമിക്കാനാണെന്ന് വ്യാപക വിമർശനമുണ്ട്. ആർ.എസ്.എസിന്റെ ഡൽഹി ഓഫിസിന് സമീപമുള്ള ഝന്ദേവാലനിലുള്ള ഹിന്ദുസ്ഥാൻ സമാചാറിന്‍റെ ചെറിയ ഓഫിസ് നോയിഡയിലെ വലിയ ഓഫിസിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ട്.

Tags:    
News Summary - Prasar Bharati's News Feeds Will Now Rely on RSS-Backed Hindusthan Samachar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.