ന്യൂഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. പദവിയിൽ ഒന്നര വർഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് നവനീത് രാജി നൽകിയത്. രാജി കേന്ദ്ര സർക്കാർ സ്വീകരിച്ചു.
2024 മാർച്ചിൽ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അധ്യക്ഷനായ സമിതിയാണ് നവനീത് കുമാർ സെഗാളിനെ പ്രസാർ ഭാരതി ചെയർമാനായി നിയമിച്ചത്. ജഗ്ദീപ് ധൻകറിന്‍റെ ഉപരാഷ്ട്രപതി പദത്തിൽ നിന്ന് കാലാവധി പൂർത്തിയാകും മുമ്പ് രാജിവെച്ചിരുന്നു. ഇതുമായി സെഗാളിന്‍റെ രാജിക്ക് ബന്ധമുണ്ടോയെന്ന് ദേശീയ മാധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഉത്തർപ്രദേശ് കേഡറിലെ ഐ.എ.എസ് ഓഫിസർ ആണ് നവനീത് കുമാർ സെഗാൾ. നാലുവർഷം നീണ്ട ഒഴിവിന് ശേഷമായിരുന്നു പ്രസാർ ഭാരതിയുടെ തലപ്പത്ത് സെഗാളിനെ നിയമിച്ചത്. ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന സെഗാൾ 2023 ജൂലൈയിലാണ് സിവിൽ സർവീസിൽ നിന്ന് വിരമിച്ചത്.
ബഹുജൻ സമാജ് പാർട്ടി അധ്യക്ഷയും മുൻ യു.പി മുഖ്യമന്ത്രിയുമായ മായാവതിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായി സെഗാൾ അറിയപ്പെട്ടിരുന്നു. കൂടാതെ, സമാജ് വാദി പാർട്ടിയുമായും ബി.ജെ.പിയുമായും സെഗാൾ അടുപ്പം പുലർത്തിയിരുന്നു.
പ്രസാർ ഭാരതിയുടെ കീഴിലാണ് ആകാശവാണി, ദൂരദർശൻ എന്നിവ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.