ബംഗളൂരു: ജനതാദൾ-എസിന്റെ ഏക ലോക്സഭാംഗമായ പ്രജ്വൽ രേവണ്ണയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി കർണാടക ഹൈകോടതി. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽനിന്ന് ജയിച്ച പ്രജ്വൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് സംബന്ധിച്ച് വ്യാജ വിവരങ്ങൾ ചേർത്തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പ്രജ്വലിന്റെ എതിർ സ്ഥാനാർഥിയായിരുന്ന മുൻ ബി.ജെ.പി അംഗം എ. മഞ്ജുനാഥും മണ്ഡലത്തിലെ വോട്ടറായ ജി. ദേവരാജ ഗൗഡയും 2019 ജൂൺ 26ന് കർണാടക ഹൈകോടതിയിൽ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ സിംഗിൾ ജഡ്ജ് ബെഞ്ചിന്റെ വിധി. പരാതിക്കാരനായ എ. മഞ്ജു നിലവിൽ ഹാസനിലെ അർക്കലഗുഡിൽനിന്നുള്ള ജെ.ഡി-എസ് എം.എൽ.എയാണ്. ഈ മണ്ഡലത്തിൽനിന്ന് ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ് ടിക്കറ്റുകളിൽ എം.എൽ.എയായെന്ന അപൂർവതയും മഞ്ജുവിനുണ്ട്.
തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നിർദേശം നൽകി. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ, സഹോദരൻ സൂരജ് രേവണ്ണ എന്നിവർക്കെതിരെയും നടപടിക്ക് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.