മംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ മണ്ഡലത്തിൽ നേതാക്കൾക്ക് ചെരിപ്പ് മാലകൾ ചാർത്തി അന്ത്യാഞ്ജലി അർപ്പിച്ച് പോസ്റ്റർ. പാർട്ടി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പി, മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ എന്നിവരുടെ പടങ്ങൾ ചേർത്താണ് പോസ്റ്റർ തയാറാക്കിയത്.
തിങ്കളാഴ്ച പുലർച്ചെ പുത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച പോസ്റ്റർ ആരും നീക്കം ചെയ്തില്ല. ബി.ജെ.പിക്ക് നാണം കെട്ട പരാജയം സമ്മാനിച്ച നിങ്ങൾക്ക് അന്ത്യാഞ്ജലി എന്നാണ് പോസ്റ്ററിലെ വാചകം. അടിയിൽ സന്തപ്ത ഹിന്ദുക്കൾ എന്നും ചേർത്തു.
സ്ഥാനാർത്ഥി നിർണയം ഉയർത്തിയ പ്രശ്നങ്ങളെ തുടർന്ന് ബി.ജെ.പി വിമത സാന്നിധ്യം കാരണം ശക്തമായ ത്രികോണ മത്സരമാണ് പുത്തൂർ മണ്ഡലത്തിൽ നടന്നത്. ബി.ജെ.പിയുടെ ആശ തിമ്മപ്പ ഗൗഡ 36,526 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായിരുന്നു. അശോക് കുമാർ റൈ (കോൺഗ്രസ്) 64,687 വോട്ടുകൾ നേടി വിജയിച്ച മണ്ഡലത്തിൽ അരുൺ പുട്ടിലയാണ് (ബി.ജെ.പി വിമതൻ) 61,336 വോട്ടുകൾ ലഭിച്ച് രണ്ടാമനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.