പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറെ കൊട്ടിഘോഷങ്ങളുമായി വന്നിട്ടും തന്റെ പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാത്തതിനെ കുറിച്ച് ജൻ സുരാജ് സ്ഥാപകനും മുൻ പോൾ സ്ട്രാറ്റജിസ്റ്റുമായ പ്രശാന്ത് കിഷോർ.
വോട്ടെടുപ്പിൽ കൃത്രിമത്വം നടന്നുവെന്നും എന്നാൽ അത് തെളിയിക്കാനായി ഒന്നും തന്നെ കൈയിലില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ഇതാദ്യമായാണ് പ്രശാന്ത് കിഷോറിന്റെ പാർട്ടി സംസ്ഥാനത്തുടനീളം മത്സരിച്ചത്. എന്നാൽ ഒറ്റ സീറ്റ് പോലും കിട്ടിയില്ല. പ്രചാരണം നടത്തിയ സമയത്തെ ഫീഡ്ബാക്ക് വോട്ടിങ് ട്രെൻഡുമായി പൊരുത്തപ്പെടുന്നതേയില്ല. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണ്. അദൃശ്യമായ ചില കളികൾ നടന്നിട്ടുണ്ട്. ആളുകൾക്ക് അറിയാത്ത അധികാരത്തിന്റെ കളികളാണത്. ആളറിയാത്ത പാർട്ടികൾക്ക് പോലും ലക്ഷക്കണക്കിന് വോട്ടുകൾ ലഭിച്ചു. ചിലയാളുകൾ എന്നോട് ഇതിനെ കുറിച്ച് പ്രതികരിക്കാനും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും പറയാനും ആവശ്യപ്പെട്ടു. പരാജയപ്പെട്ടതിനു ശേഷം ആളുകൾ ഉന്നയിക്കുന്ന കാര്യമാണിത്. എന്നാൽ എന്റെ കൈയിൽ ഒരു തെളിവുമില്ല. കുറെ കാര്യങ്ങൾ വന്നിട്ടില്ല. വലിയ തോതിലുള്ള കൃത്രിമത്വം നടന്നിട്ടുണ്ട് എന്ന് തന്നെയാണ് ഇതെല്ലാം കാണിക്കുന്നത്. അതേസമയം, എങ്ങനെയെന്ന് പറയാൻ ഞങ്ങൾക്കാകില്ല-പ്രശാന്ത് കിഷോർ ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിക്കാനായി എൻ.ഡി.എ ആയിരക്കണക്കിന് സ്ത്രീകൾക്ക് പണം നൽകിയെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു.
''വോട്ടെടുപ്പ് പ്രഖ്യാപിച്ച അന്നുതൊട്ട് വോട്ടെടുപ്പ് നടന്ന ദിവസം വരെ സ്ത്രീകൾക്ക് പതിനായിരം രൂപ വീതം നൽകി. അവർ വാഗ്ദാനം ചെയ്തതിന്റെ അടുത്തുപോലും അത് എത്തില്ല. രണ്ടുലക്ഷം രൂപ നൽകുമെന്നാണ് അവരോട് പറഞ്ഞിരുന്നത്. എന്നാൽ ആദ്യ ഇൻസ്റ്റാൾമെന്റായി 10,000 രൂപ കൊടുത്തു. അവർ പോളിങ് ബൂത്തിലെത്തി എൻ.ഡി.എക്കും നിതീഷ് കുമാറിനും വോട്ട് രേഖപ്പെടുത്തിയാൽ അവശേഷിക്കുന്ന പൈസ നൽകും. ബിഹാറിലോ, രാജ്യത്തിന്റെ മറ്റൊരു ഭാഗത്തോ 50,000 സ്ത്രീകൾക്ക് ഇതുപോലെ പണം വിതരണം ചെയ്തതായി എന്റെ അറിവിൽ ഇല്ല''-പ്രശാന്ത് കിഷോർ പറഞ്ഞു.
ലാലു പ്രസാദ് യാദവിന്റെ ജംഗിൾ രാജ് തിരിച്ചുവരുമെന്ന ഭീതിയിലാണ് ജനം ജൻസുരാജിന് എതിരായി വോട്ട് ചെയ്തുവെന്നതാണ് മറ്റൊരു ഘടകം. പ്രചാരണത്തിന്റെ അവസാനഘട്ടമെത്തിയപ്പോൾ ജൻ സുരാജിന് വിജയിക്കാൻ കഴിയില്ലെന്ന് വോട്ടർമാർക്ക് തോന്നി. ഞങ്ങൾക്ക് കിട്ടുന്ന വോട്ടുകളെല്ലാം ലാലുവിന്റെ ജംഗിൾ രാജ് തിരിച്ചുവരുന്നതിന് കാരണമാകുമെന്ന് അവർ കരുതി. ആ ഭയം ജനങ്ങളെ ജൻസുരാജിൽ നിന്ന് അകറ്റിനിർത്തിയെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
തന്റെ രാഷ്ട്രീയ കരിയർ അവസാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും അദ്ദേഹം തള്ളി. ഇതേ ആളുകൾ തന്നെയാണ് ഞാൻ വിജയിക്കുമ്പോൾ കരഘോഷം മുഴക്കുന്നത്. അവർ എന്റെ ചരമക്കുറിപ്പ് തയറാക്കുകയാണെങ്കിൽ അത് അവരെ കുറിച്ചല്ല, അടുത്തതായി ഞാൻ എന്തുചെയ്യും എന്നതിനെ കുറിച്ചാണ്. ഞാൻ വിജയിച്ചാൽ അവർ വീണ്ടും കൈയടിക്കും. അവർ അവരുടെ ജോലിയെടുക്കുന്നു. ഞാൻ എന്റെ ജോലിയും. വിമർശിക്കുന്നയാളുകളാണ് എന്നെ കുറിച്ച് ഏറെ ജിജ്ഞാസ പുലർത്തുന്നതും. ഞാൻ മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണത്. ഈ കഥ ഇപ്പോഴൊന്നും അവസാനിക്കാൻ പോകുന്നില്ല-പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. 238 സീറ്റുകളിലാണ് ജൻ സുരാജ് സ്ഥാനാർഥികളെ നിർത്തിയത്. ഒറ്റ സീറ്റിൽ പോലും പാർട്ടിക്ക് വേരോട്ടം കിട്ടിയില്ല. ഭൂരിഭാഗം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് പോലും നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.