വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുൻ ഉന്നത ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ബി.ജെ.പി സർക്കാറുകളുടെ നേതൃത്വത്തിൽ നടക്കുന്ന 'വെറുപ്പിന്റെ രാഷ്ടീയ'ത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് 100ലധികം മുൻ ഉന്നത ഉദ്യോഗസ്ഥർ. ഇത് അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമെന്നും അവർ വിശ്വാസം പ്രകടിപ്പിച്ചു. ഡൽഹി മുൻ ലഫ്.ഗവർണർ നജീബ് ജുങ്, മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ തുടങ്ങി 108 പേരാണ് കത്തിൽ ഒപ്പിട്ടത്. ഇപ്പോൾ രാജ്യം സാക്ഷിയാകുന്ന വെറുപ്പിന്റെ ബലിപീഠത്തിൽ രക്തം ചിേന്തണ്ടിവന്നത് മുസ്‍ലിംകൾക്കോ മറ്റ് ന്യൂനപക്ഷങ്ങൾക്കോ മാത്രമല്ല, ഭരണഘടനക്കുതന്നെയാണെന്ന് അവർ കത്തിൽ പറഞ്ഞു.

സാധാരണ ഇത്രയും രൂക്ഷമായി പ്രതികരിക്കേണ്ടി വരാറില്ല. പക്ഷേ, നമ്മുടെ രാജ്യത്തിന്റെ സ്ഥാപക പിതാക്കൾ രൂപം നൽകിയ ഭരണഘടന തകർക്കുന്നത് അതിവേഗത്തിൽ മുന്നേറുന്ന ഘട്ടത്തിൽ ഞങ്ങൾ പ്രതികരിക്കാൻ നിർബന്ധിതരാവുകയാണ്. ഇതിൽ ഞങ്ങളുടെ രോഷവും ആശങ്കയും പ്രകടിപ്പിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങൾക്ക്-വിശിഷ്യാ മുസ്‍ലിംകൾക്കെതിരെ കുറച്ചു വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ആക്രമണങ്ങൾ കൂടിവരുകയാണ്.

അസം, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, യു.പി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഇത് പ്രകടമാണ്. ഇതിൽ ഡൽഹിയൊഴികെ എല്ലായിടത്തും ബി.ജെ.പിയാണ് അധികാരത്തിൽ. ഡൽഹിയിലാകട്ടെ, പൊലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്രവും. ഇവിടെയെല്ലാം ഭയാനകമാണ് കാര്യങ്ങൾ.

മുമ്പില്ലാത്ത വിധം ഭീഷണമായ സാഹചര്യമാണുള്ളത്. നമ്മുടെ സവിശേഷമായ സാമൂഹികഘടന തന്നെ അപകടത്തിലാവുകയാണ്. മഹത്തായ സംസ്കാരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനതന്നെ ഛിന്നഭിന്നമാകും വിധമാണ് കാര്യങ്ങൾ. ഈ വലിയ ഭീഷണിക്കുമുന്നിലും അങ്ങ് മൗനിയാവുകയാണ്. 'ആസാദി കാ അമൃത് മഹോത്സവ്' നടക്കുന്ന ഈ വർഷം, ബി.ജെ.പി സർക്കാറുകൾ പിന്തുടരുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ എല്ലാ സ്വജനപക്ഷപാതിത്വത്തിനും അതീതമായി അങ്ങ് ആവശ്യപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണ് -കത്ത് തുടർന്നു. 

Tags:    
News Summary - Politics of hatred must end: Former top officials send letter to PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.