മയക്കുമരുന്ന് കേസ്: നടൻ കൃഷ്ണയെ അറസ്റ്റ് ചെയ്യാൻ പൊലീസ്; സമൻസ് നൽകിയിട്ടും ഹാജരായില്ല

ചെന്നൈ: മയക്കുമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ശ്രീകാന്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടൻ കൃഷ്ണയെ അറസ്റ്റ് ചെയ്യാൻ പൊലീസ്. സമൻസ് അയച്ചിട്ടും നടൻ ഹാജരായില്ല. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണെന്നും അടുത്ത ദിവസം ചെന്നൈയിലെത്തുമെന്നുമാണ് കൃഷ്ണ പൊലീസിനെ അറിയിച്ചത്. ഇതിനുശേഷം കൃഷ്ണയുടെ ഫോൺ സ്വിച്ച് ഓഫാണ്.

ഒളിവിൽ പോയതായി സംശയിക്കുന്നതിനാൽ കൃഷ്ണയെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ‘കഴുക്’ സിനിമയിലൂടെയാണ് കൃഷ്ണ ശ്രദ്ധേയനായത്. അണ്ണാ ഡി.എം.കെയുടെ ഐ.ടി വിങ് ഭാരവാഹി പ്രദീപ് കുമാറാണ് നടൻമാരായ ശ്രീകാന്തിനും കൃഷ്ണക്കും കൊക്കെയ്ൻ എത്തിച്ച് നൽകിയത്. മേയ് 22ന് ചെന്നൈ നുങ്കമ്പാക്കത്തെ നിശാക്ലബിൽ നടന്ന അടിപിടി കേസിൽ അറസ്റ്റിലായ പ്രസാദിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് വിപണനത്തിന്റെ ചുരുളഴിഞ്ഞത്. പ്രസാദിന് ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ സേലം സങ്കഗിരി പ്രദീപ് കുമാർ, ഘാന സ്വദേശിയായ ജോൺ എന്നിവരെയും അറസ്റ്റ് ചെയ്തു. നിർമാതാവെന്ന നിലയിലാണ് പ്രസാദ് തമിഴ് സിനിമ മേഖലയിലെ പ്രമുഖരുമായി പരിചയപ്പെട്ടത്.

പബ്ബുകളും ഫാംഹൗസുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടികൾ നടത്തിയാണ് പലരെയും പ്രസാദ് വലയിൽ വീഴ്ത്തിയിരുന്നത്. പ്രസാദിൽനിന്ന് സ്ഥിരമായി രണ്ട് നടികളും കൊക്കെയ്ൻ വാങ്ങി ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട ഓൺലൈൻ ഇടപാടുകളുടെ തെളിവുകളും പിടിച്ചെടുത്തു. ഭൂമി,ജോലി വാഗ്ദാന തട്ടിപ്പ് നടത്തിയ കേസുകളിലും പ്രസാദ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, റിമാൻഡിൽ കഴിയുന്ന നടൻ ശ്രീകാന്ത് ചെന്നൈ എഗ്മോർ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ശ്രീകാന്തിനെ വിശദമായ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച പൊലീസ് അന്വേഷണം തമിഴ് സിനിമ മേഖലയിൽ ആശങ്ക പടർത്തിയിട്ടുണ്ട്.

Tags:    
News Summary - Police To Arrest Actor Krishna In Drug Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.