കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ മകനോട് ശരീരഭാഗങ്ങൾ ചാക്കിൽ പെറുക്കി എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടതായി ആരോപണം. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പുർബ ബർധമാൻ ജില്ലയിലെ ഗുസ്‌കരയിലാണ് അപകടം നടന്നത്.
പ്രാദേശിക ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായ പ്രദീപ് കുമാർ ദാസ് (60) വീട്ടിലേക്ക് മടങ്ങുന്നതിനിടെ കല്ലുകൾ കൊണ്ടുപോകുന്ന ട്രക്ക് ഇടിച്ചു മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുസ്‌കര മുനിസിപ്പാലിറ്റിയിലെ സിരിഷ്ടൊല്ല നിവാസിയായിരുന്നു പ്രദീപ്. മരണവാർത്ത അറിഞ്ഞ് സ്ഥലത്തെത്തിയ മകൻ സുദീപ് ദാസിനോട് റോഡപകടത്തിൽ പരിക്കേറ്റു മരിച്ചുകിടന്ന പിതാവിന്റെ ശരീരഭാഗങ്ങൾ എടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.
വിശ്വഭാരതി സർവകലാശാലയിലെ വിദ്യാർത്ഥിയായ മകൻ സുദീപിന് ഒരു സഞ്ചിയും പൊലീസ് നൽകി. നാട്ടുകാരിൽ ആരോ സംഭവത്തിന്റെ വിഡിയോ പകർത്തി. തുടർന്ന് വിഡിയോ വൈറലാവുകയായിരുന്നു.
തുടർന്ന് ദൃശ്യം ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സോണൽ ഡി.എസ്.പിയോട് ആവശ്യപ്പെട്ടതായി പുർബ ബർധമാൻ പൊലീസ് സൂപ്രണ്ട് സയക് ദാസ് പറഞ്ഞു. പിന്നീട്, പൂർബ ബർധമാൻ പൊലീസ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട വിഡിയോയിൽ തന്റെ പിതാവിന്റെ ശരീരഭാഗങ്ങൾ എടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നെ ‘നിർബന്ധിച്ചിട്ടില്ല’ എന്ന് 20 കാരനായ മകൻ സുദീപ് ദാസ് അവകാശപ്പെടുന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.