മുംബൈ: തരംഗമായി മാറിയ ആക്ഷേപഹാസ്യ സമൂഹമാധ്യമ പ്ലാറ്റ്ഫോം കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ വീടിനു പൊലീസ് കാവൽ. അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. അഭിജീത്ത് യു.എസിലെ ബോസ്റ്റണിൽ വിദ്യാർഥിയാണ്.
എം.ഐ.ഡി.സി വാലുജ് മേഖലയിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കോക്രോച്ച് ജനതാ പാർട്ടി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് കാവൽ ഏർപ്പെടുത്തിയതെന്ന് ഡി.സി.പി പങ്കജ് അതുൽക്കർ പറഞ്ഞു. ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ തങ്ങളുടെ ഡിജിറ്റൽ കൂട്ടായ്മ വ്യാപകമായി അടിച്ചമർത്താൻ ശ്രമം നടക്കുന്നതായി അഭിജീത്ത് ആരോപിച്ചു. തങ്ങളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റും നിരോധിക്കുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്തു. ഗ്രൂപ്പിന് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലേക്കുള്ള അക്സസ് നഷ്ടപ്പെട്ടു. ഇന്ത്യയിൽ നിന്ന് നേരിട്ട് ഭീഷണികൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള ഉയർച്ച തങ്ങളുടെ ഉറക്കം കെടുത്തിയതായി അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ പരാമർശത്തെത്തുടർന്ന് ആരംഭിച്ച ആക്ഷേപഹാസ്യ വേദിയായി ആരംഭിച്ച സി.ജെ.പി ദിവസങ്ങൾക്കകം 20 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടി. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് അക്കൗണ്ട് നിരോധിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്ത പ്ലാറ്റ്ഫോമിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാൽ മഹുവ മൊയ്ത്ര, കീർത്തി ആസാദ് അടക്കമുള്ള ടി.എം.സി നേതാക്കൾ അടക്കമുള്ളവർ പാർട്ടിയിൽ ചേർന്നിരുന്നു. മാത്രമല്ല ശശി തരൂർ, കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും കോക്രോച്ച് പാർട്ടിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.