റഷ്യൻ സന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി; പാകിസ്താനിലേക്കുള്ള ഔഷധ കയറ്റുമതി നിർത്തും, സാമ്പത്തിക ഉപരോധം ഏർപ്പെടുത്തും

ന്യൂഡൽഹി: പഹൽഗാം തീവ്രവാദി ആക്രമണത്തി​ന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യത്തിന് പൂർണാധികാരം നൽകിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ സന്ദർശനം റദ്ദാക്കി. മേയ് ഒമ്പതിന് നടക്കുന്ന വിക്ടറി ദിന പരിപാടിയിലേക്കായിരുന്നു പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്.

അതിനിടെ, പാകിസ്താനെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരുന്നുകളടക്കം കയറ്റുമതി ചെയ്യുന്ന വ്യാപാര പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് സൂചന. പ്രത്യേക പാർലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിക്കും. പഹൽഗാം ഭീകരാക്രമണ ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനും സുരക്ഷകാര്യങ്ങൾ അവലോകനം ചെയ്യാനുമുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിർണായകയോഗം ബുധനാഴ്ച നടന്നിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനുശേഷമുള്ള രണ്ടാമത്തെ ഉന്നത തല യോഗമാണ് ബുധനാഴ്ച നടന്നത്.

യോഗ ശേഷമാണ് പാകിസ്താനെതിരെ നിർണായക നീക്കം ഉരുത്തിരിഞ്ഞത്. പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകാൻ സേനകൾക്ക് ചൊവ്വാഴ്ച നടന്ന യോഗത്തിൽ പ്രധാനമന്ത്രി പൂർണ സ്വാതന്ത്യം നൽകിയിരുന്നു. അതിനിടെ, ജമ്മു-കശ്മീരിലെ കുപ്‌വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്‌നൂരിലും പാക് പോസ്റ്റുകളിൽ നിന്ന് ചൊവ്വാഴ്ചയും വെടിവെപ്പുണ്ടായി. യഥാർഥ നിയന്ത്രണ രേഖയിൽ നൗഷേരയിൽ പാകിസ്താൻ ആർമി പോസ്റ്റുകളിൽ നിന്ന് പ്രകോപനമില്ലാതയാണ് വെടിവെപ്പുണ്ടായതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

നൗഷേരക്കു പുറമെ സുന്ദർബാനി, അഖ്നൂർ സെക്ടറുകളിലും വെടിനിർത്തൽ കരാർ ലംഘനമുണ്ടായിട്ടുണ്ട്. അതിനിടെ, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറെയും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ശരീഫിനെയും ടെലഫോണില്‍ ബന്ധപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഗുട്ടെറസ് വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - PM's visit to Russia cancelled; medicine exports to Pakistan to be stopped, economic sanctions imposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.