ഗുവാഹത്തി: വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ അടിയന്തര ലാൻഡിങ് സൗകര്യം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള ദേശീയ പാതയിൽ ചരിത്രപരമായ ലാൻഡിങ് നടത്തി. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസിലാണ് ഹൈവേയിലെ റൺവേയിൽ വന്നിറങ്ങിയത്. മോറാൻ ബൈപാസിൽ, ദേശീയ പാത 37ൽ പ്രത്യേകം നിർമ്മിച്ച 4.2 കിലോമീറ്റർ നീളമുള്ള സ്ട്രെച്ചിലാണ് വിമാനം ലാൻഡ് ചെയ്തത്.
വടക്കുകിഴക്കൻ മേഖലയിലെ ദേശീയ പാതയിൽ വിമാനം ലാൻഡ് ചെയ്യുന്ന ആദ്യ സംഭവമാണിത്. ചൈനയുമായുള്ള അതിർത്തിയിൽനിന്ന് ഏകദേശം 300 കിലോമീറ്റർ മാത്രം അകലെയാണ് തന്ത്രപ്രധാനമായ ലാൻഡിങ് സ്ട്രിപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 100 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമർജൻസി ലാൻഡിങ് സ്ട്രിപ് നിർമിച്ചത്. 40 ടൺ വരെ ഭാരമുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ ചരക്ക് വിമാനങ്ങളെയും ഉൾക്കൊള്ളാൻ റൺവേക്ക് ശേഷിയുണ്ട്.
യുദ്ധസമയത്തോ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴോ വിമാനത്താവളങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ യുദ്ധവിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും ഇറങ്ങാനും പറന്നുയരാനും വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രതിരോധം, ദുരന്തനിവാരണം എന്നിവക്ക് ഇത് വലിയ കരുത്ത് പകരും. പ്രധാനമന്ത്രിയുടെ ലാൻഡിങ്ങിന് പിന്നാലെ സുഖോയ് 30 എം.കെ.ഐ, റഫാൽ തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളും തേജസ് വിമാനങ്ങളും ഹൈവേയിലെ റൺവേയിൽ വ്യോമാഭ്യാസ പ്രകടനം കാഴ്ചവെച്ചു. 40 മിനിറ്റ് നീണ്ടുനിന്ന പ്രകടനത്തിൽ വിമാനങ്ങൾ ഹൈവേയിൽ ഇറങ്ങുകയും പറന്നുയരുകയും ചെയ്തു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അസമിലെ പരമ്പരാഗത വസ്ത്രമായ 'ഗമോസ'യും തൊപ്പിയായ 'ജാപി'യും നൽകി അദ്ദേഹത്തെ ആദരിച്ചു. ചൈന അതിർത്തിയോട് ചേർന്നുള്ള ഇന്ത്യയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. വടക്കുകിഴക്കൻ മേഖലക്ക് ഇത്തരമൊരു ലാൻഡിങ് സൗകര്യം ലഭിച്ചത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാജ്യസുരക്ഷക്കും വികസനത്തിനും പുതിയ വേഗം നൽകുന്ന ഒന്നാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.