സർക്കാർ നൽകിയ വീട് സർക്കാർ തന്നെ ​തകർത്തു; കുടുംബം കഴിയുന്നത് എരുമത്തൊഴുത്തിൽ

ഭോപ്പാൽ: കലാപബാധിതമായ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ അസ്വസ്ഥകൾ ഒടുങ്ങുന്നില്ല. രാമനവമി ഘോഷയാത്രയുമായി ബന്ധ​പ്പെട്ട് മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ കടന്നുപോയ റാലികളിൽ പ്രകോപന മുദ്രാവാക്യം വിളികളും പള്ളികൾ അക്രമിക്കലും അടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതിനെ തുടർന്നാണ് അധികൃതർ പ്രദേശത്തെ മുസ്‍ലിം വീടുകൾ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റത്തിനെതിരായ നീക്കം എന്നാണ് ജില്ലാ ഭരണകൂടം ഇതിനെ ന്യായീകരിച്ചത്. അധികൃതർ തകർത്ത വീടുകളിൽ 'പ്രധാനമന്ത്രി ആവാസ് യോജന' പ്രകാരം ലഭിച്ച വീടും ഉണ്ടായിരുന്നു. ഈ കുടുംബം ഇപ്പോൾ കഴിയുന്നത് അയൽവാസിയുടെ എരുമത്തൊഴുത്തിൽ ആണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിൽ 41 ഡിഗ്രിയാണ് ചൂട്.

വ്രത മാസത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബത്തിലെ സ്ത്രീകൾ. പി.എം ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം നിർമ്മിച്ച വീട്, ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. അംജദ് ഖാൻ എന്നയാളുടെ വീടായിരുന്നു ഇത്.

സ്വന്തം വീട് നഷ്ടപ്പെട്ടതോടെ മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിക്കാൻ കുടുംബം നിർബന്ധിതരാവുകയായിരുന്നുവെന്ന് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

"ആളുകൾ തരുന്നതെന്തും ഞങ്ങൾ ഭക്ഷിക്കും. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളം സംഭരിക്കാൻ ഒരു ബക്കറ്റ് പോലുമില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ എല്ലാം ഉണ്ടായിരുന്നിട്ടും, ഞങ്ങൾ ഇപ്പോൾ മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത് " -അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ തന്നെ സന്ദർശിച്ച് ഭക്ഷണവും പാർപ്പിടവും ലഭിക്കുന്ന ഒരു 'ധർമശാല'യിലേക്ക് മാറാൻ ആവശ്യപ്പെട്ടെങ്കിലും മാറാൻ തയ്യാറായില്ലെന്നും ഖാൻ അറിയിച്ചു.

എന്തുകൊണ്ടെന്ന് ചോദിച്ചപ്പോൾ, "എനിക്ക് സർക്കാരിനെ ഇനി വിശ്വസിക്കാൻ കഴിയില്ല" എന്നായിരുന്നു ഖാന്റെ മറുപടി. എന്നാൽ ജില്ലാ കലക്ടർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്:

"അവർ മറ്റൊരു സ്ഥലത്ത് താമസിക്കുകയും പി.എം.എ.വൈ വീട് പശുസംരക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്തു. താമസ ആവശ്യത്തിനാണ് വീട് അനുവദിച്ചതെങ്കിലും പരിശോധനയിൽ കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. കൃത്യമായ പരിശോധന നടത്തി തഹസിൽദാരിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷമാണ് വീട് പൊളിച്ചതെന്ന് അനുഗ്രഹ പറഞ്ഞു.

കലാപബാധിത പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ജില്ലാ കലക്ടർ സ്ഥിതിഗതികൾ സമാധാനപരമാണെന്ന് അറിയിച്ചു. നഗരത്തിൽ കർഫ്യൂ ഭാഗികമായി ഇളവ് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് അവശ്യവസ്തുക്കൾ വാങ്ങാൻ രാവിലെ 10നും 12നും ഇടയിലും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെയും പോകാൻ അനുവാദമുണ്ട്.

ഏപ്രിൽ 10 ന് രാമനവമി ഘോഷയാത്രക്കിടെ പ്രദേശത്ത് വംശീയ അതിക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് ഖാർഗോണിൽ കർഫ്യൂ ഏർപ്പെടുത്തിയത്.

Tags:    
News Summary - PMAY house bulldozed, Khargone family takes refuge at buffalo shelter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.