മോദി ഖബര്‍സ്ഥാനെക്കുറിച്ചും തങ്ങള്‍ ലാപ്ടോപ്പിനെക്കുറിച്ചും സംസാരിക്കുന്നു -അഖിലേഷ്

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദി ഖബര്‍സ്ഥാനെയും ശ്മശാനത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ തങ്ങള്‍ ലാപ്ടോപ്പിനെയും സ്മാര്‍ട്ഫോണിനെയും കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. മോദിയുടെ ഫത്തേപൂര്‍ പ്രസംഗത്തെ പരിഹസിച്ചായിരുന്നു അഖിലേഷിന്‍െറ പ്രസ്താവന.

സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തോട് പ്രത്യേക മമത കാണിക്കുകയും മറ്റൊരു സമുദായത്തെ തഴയുകയും ചെയ്യുന്നെന്ന് വെള്ളിയാഴ്ച ഫത്തേപൂരില്‍ റാലിയില്‍ മോദി കുറ്റപ്പെടുത്തിയിരുന്നു. ഒരു ഗ്രാമത്തില്‍ ഖബര്‍സ്ഥാന്‍ ഉണ്ടാക്കിയാല്‍ അവിടെ ശ്മശാനവും ഉണ്ടാക്കണം, റമദാന് അവിടെ വൈദ്യുതി ഉണ്ടെങ്കില്‍ ദീപാവലിക്കും വേണം, ഹോളി സമയത്ത് വൈദ്യുതി ഉണ്ടെങ്കില്‍ ഈദിനും ഉണ്ടാകണം, ഒരുവിധ വിവേചനവും പാടില്ല എന്നിങ്ങനെയായിരുന്നു മോദിയുടെ പ്രസംഗം. പ്രധാനമന്ത്രി മൂന്ന് പേജ് പ്രസംഗം നടത്തി. എന്നാല്‍, കര്‍ഷകരെക്കുറിച്ചോ പാവങ്ങളെക്കുറിച്ചോ അദ്ദേഹം പറഞ്ഞ ഒരു കാര്യമെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോയെന്നും അഖിലേഷ് ചോദിച്ചു.

യുവത്വത്തിന്‍െറ ഭാവി നശിപ്പിക്കുന്ന കോപ്പിയടി മാഫിയയെ മറച്ചുവെക്കാന്‍ സമാജ്വാദി പാര്‍ട്ടി സഹായിക്കുന്നുവെന്ന് ഗോണ്ടയില്‍ നടന്ന റാലിയില്‍ മോദി കുറ്റപ്പെടുത്തിയിരുന്നു. എല്ലാവരും ബാല്യത്തില്‍ അല്‍പമൊക്കെ കള്ളങ്ങള്‍ ചെയ്തിട്ടുണ്ടാകുമെന്ന് അഖിലേഷ് ഇതിന് മറുപടി നല്‍കി. തങ്ങളുടെ വാഗ്ദാനങ്ങള്‍ കോപ്പിയടിച്ച ബി.ജെ.പിയാണ് പരീക്ഷ കോപ്പിയടി വിഷയം ഉയര്‍ത്തുന്നതെന്നും അഖിലേഷ് പരിഹസിച്ചു. 

Tags:    
News Summary - PM talks about ‘Kabristan’ and ‘Shamshan,’ we talk about laptop and smartphone, says Akhilesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.